
വാഷിങ്ടൺ: അമേരിക്കയിലെ കുടിയേറ്റ നയത്തിൽ ഡെമോക്രാറ്റുകളുമായി ധാരണയിലെത്താൻ തയ്യാറാണെന്ന് ഡൊണാൾഡ് ട്രംപ്. എന്നാൽ അനധികൃത കുടിയേറ്റക്കാർക്ക് പൊതുമാപ്പ് (Amnesty) നൽകുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വൈറ്റ് ഹൗസിൽ അപ്രതീക്ഷിതമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. കുടിയേറ്റവുമായി ബന്ധപ്പെട്ട് കരാറിലെത്താൻ കഴിയുമോ എന്ന ചോദ്യത്തിന്, 'പൊതുമാപ്പോ അത്തരത്തിലുള്ള മറ്റെന്തെങ്കിലുമോ ഉണ്ടാകില്ല' എന്നായിരുന്നു മറുപടി.
നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചായിരിക്കണം രാജ്യത്ത് താമസിക്കാനുള്ള അനുമതി നേടേണ്ടതെന്നും മറ്റുള്ളവരോട് അനീതി കാണിക്കുന്ന രീതിയിലുള്ള ഇളവുകൾ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിർദിഷ്ട കരാറിന്റെ വ്യവസ്ഥകൾ, ആർക്കൊക്കെ ഇളവുകൾ ലഭിക്കും, ചർച്ചകൾ എപ്പോൾ പൂർത്തിയാകും തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത നൽകിയില്ല.
കുടിയേറ്റ നയരൂപീകരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന സ്റ്റീഫൻ മില്ലറെ ട്രംപ് പ്രശംസിച്ചു. മില്ലർ തുടക്കം മുതൽ തനിക്കൊപ്പമുണ്ടെന്നും ബുദ്ധിശാലിയും ശക്തമായ നിലപാടുള്ളയാളുമാണെന്നും ഡെമോക്രാറ്റുകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഊർജം, അടിസ്ഥാന സൗകര്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട പെർമിറ്റിങ് ബില്ലിനും ട്രംപ് പിന്തുണ പ്രഖ്യാപിച്ചു. ഇരുപാർട്ടികളുടെയും പിന്തുണയോടെ അവതരിപ്പിക്കുന്ന ബില്ലിനെ നൂറുശതമാനവും പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ബില്ലിലെ പ്രധാന നിർദേശങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെട്ട കാറ്റാടി വൈദ്യുത നിലയങ്ങൾക്ക് അനുമതി നൽകില്ലെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു. ബില്ലിന്റെ ചർച്ചകൾ ഇതുവരെ പൂർത്തിയായിട്ടില്ലെന്നും വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെതിരായ വിമർശനങ്ങളെയും ട്രംപ് പ്രതിരോധിച്ചു. വെനസ്വേലയിലും ഇറാനിലും അമേരിക്ക നേടിയ സൈനിക വിജയങ്ങൾക്ക് ഹെഗ്സെത്തിന്റെ നേതൃത്വത്തെ അദ്ദേഹം പ്രശംസിച്ചു. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക വിജയിച്ചതായും ഇറാന്റെ നാവിക-വ്യോമസേനകൾ തകർക്കപ്പെട്ടതായും ട്രംപ് അവകാശപ്പെട്ടു. ഇറാൻ കരാറിന് താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനെ ആണവായുധം സ്വന്തമാക്കുന്നതിൽനിന്ന് തടയുകയാണ് സൈനിക നീക്കങ്ങളുടെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. ഊർജവില വർധന താൽക്കാലികമായി രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കാമെന്ന് സമ്മതിച്ച അദ്ദേഹം വിലകൾ വൈകാതെ കുറയുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.
ക്യൂബയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ട്രംപ് വിമർശനമുന്നയിച്ചു. രാജ്യം പരാജയത്തിലേക്ക് നീങ്ങുകയാണെന്നും അമേരിക്ക മാനുഷിക സഹായം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ രാഷ്ട്രീയത്തിലെ ഏറ്റവും തർക്കവിഷയങ്ങളിലൊന്നാണ് കുടിയേറ്റ നയം. അതിർത്തി നിയന്ത്രണം, അഭയാർഥി അപേക്ഷകൾ, നിയമപരമായ പ്രവേശനം, അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരുടെ ഭാവി തുടങ്ങിയ വിഷയങ്ങളിൽ റിപ്പബ്ലിക്കൻ-ഡെമോക്രാറ്റ് പാർട്ടികൾക്കിടയിൽ അഭിപ്രായവ്യത്യാസം തുടരുകയാണ്. കുടിയേറ്റ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താൻ കോൺഗ്രസിന്റെ അംഗീകാരം ആവശ്യമായതിനാൽ ഇരുപാർട്ടികളും തമ്മിലുള്ള ധാരണ നിർണായകമാണ്.