Image

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് ഏഴ് ഉപാധികൾ മുന്നോട്ടുവെച്ച് ഇറാൻ

Published on 10 November, 2026
പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് ഏഴ് ഉപാധികൾ മുന്നോട്ടുവെച്ച് ഇറാൻ

ടെഹ്റാൻ: പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ അവസാനിച്ചേക്കാമെന്ന ഡൊണാൾഡ് ട്രംപിന്റെ സൂചനകൾക്കിടെ, സംഘർഷത്തിന് അറുതിവരുത്താൻ അമേരിക്ക ഇറാന്റെ ഏഴ് ഉപാധികൾ അംഗീകരിക്കണമെന്ന് ഇറാൻ. സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മേജർ ജനറൽ മൊഹ്സെൻ റെസായി ആണ് അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ഇറാനെതിരായ യുദ്ധം അമേരിക്കൻ ഭരണകൂടത്തെ ഭിന്നിപ്പിച്ചിരിക്കുകയാണെന്നും സാങ്കൽപ്പിക ചർച്ചകളെക്കുറിച്ച് വാർത്തകൾ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും റെസായി പറഞ്ഞു. പശ്ചിമേഷ്യയിൽ രൂപപ്പെട്ട പുതിയ സാഹചര്യങ്ങൾ അംഗീകരിച്ച് ഇറാന്റെ ഏഴ് നിബന്ധനകൾക്ക് വഴങ്ങേണ്ട സമയമാണിതെന്നും അദ്ദേഹം ഇറാൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇറാൻ മുന്നോട്ടുവെച്ച പ്രധാന ഉപാധികൾ ഇവയാണ്:

  1. എല്ലാ മേഖലകളിലെയും സൈനിക സംഘർഷങ്ങൾ അവസാനിപ്പിക്കുക.
  2. ഹോർമുസ് കടലിടുക്കിലെ അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കുക.
  3. കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത പാതകൾ ഉടൻ തുറക്കുക.
  4. ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കുക.
  5. വിദേശരാജ്യങ്ങളിൽ മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ ആസ്തികൾ വിട്ടുനൽകുക.
  6. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള വിദേശ ഇടപെടൽ അവസാനിപ്പിക്കുക.

 

ഇറാനുമായുള്ള സൈനിക സംഘർഷം വീണ്ടും രൂക്ഷമാകാനുള്ള സാധ്യത കുറവാണെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാന്റെ സൈനികശേഷി ഫലപ്രദമായി തകർക്കപ്പെട്ടുവെന്നും നിലവിലെ സ്ഥിതി നിലനിർത്താനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുമായി ഇറാൻ മാന്യമായ രീതിയിൽ ആശയവിനിമയം നടത്തുന്നുണ്ടെന്നും സംഘർഷം അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം, സാഹചര്യം വീണ്ടും വഷളായാൽ തിരിച്ചടിക്കാൻ അമേരിക്കൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുമായി നടത്തിയ ചർച്ചയ്ക്കുശേഷം, ഇറാനെതിരായ കര-കടൽ ഉപരോധ നീക്കങ്ങൾക്ക് ഖത്തർ, സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ പിന്തുണ നൽകിയതായി ട്രംപ് അവകാശപ്പെട്ടു.

'ഓപ്പറേഷൻ അയൺ ഗേറ്റ്' എന്ന പേരിലുള്ള പുതിയ നീക്കത്തിന്റെ ഭാഗമായി കര-കടൽ ഉപരോധം തുടരാനാണ് ഈ രാജ്യങ്ങൾ ആഗ്രഹിക്കുന്നതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അത് ചർച്ചയ്ക്ക് അതീതമായ വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യയിൽ സംഘർഷം കുറയുന്നതിന്റെ സൂചനകൾ ട്രംപ് നൽകുമ്പോഴും ഇറാന്റെ കടുത്ത നിലപാട് സമാധാനശ്രമങ്ങൾക്ക് പുതിയ വെല്ലുവിളിയാകുകയാണ്.


 

Join WhatsApp News
റെജീസ്🔆 നെടുങ്ങാ ഡ പ്പളളി®️ 2026-11-10 13:21:05
💥🔥ഒന്നും രണ്ടും മൂന്നും ഉപാധികൾ സൂചിപ്പിക്കുന്നത് യുദ്ധം പൂർണ്ണമായും അമേരിക്കൻ ആധിപത്യത്തിൽ തന്നെ ആയിരുന്നു എന്നല്ലേ?? അപ്പോൾ ഇറാന്റെ ഇത്രയും നാളത്തെ അവകാശ വാദങ്ങളെല്ലാം പൊള്ള ആയിരുന്നുവോ???.ഇറാന്റെ ആകാശവും 'കടലും' ഇത്രയും നാൾ അമേരിക്കയുടെ Locker - ൽ ആയിരുന്നുവോ????യുദ്ധം ഒരു ദിവസം മുന്നേ അവസാനിപ്പിച്ചാൽ അത്രയും നന്ന്. സാധാരണ മനുഷ്യർക്ക്‌ കുറേ നാശ നഷ്ട്ടങ്ങളും നീണ്ടുനിൽക്കുന്ന തീരാ ദുരിതങ്ങളും സമ്മാനിക്കാമെന്നല്ലാതെ ഒരു യുദ്ധവും ആരും ഇതുവരെ വിജയിച്ച ചരിത്രമില്ല. റെജീസ് ✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക