Image

‘സ്വർഗത്തിൽ പോകാനാണ് ആഗ്രഹം, നരകത്തിൽ പോകാൻ താൽപര്യമില്ല’; മരണാനന്തര ജീവിതത്തെക്കുറിച്ച് ട്രംപ്

Published on 09 November, 2026
‘സ്വർഗത്തിൽ പോകാനാണ് ആഗ്രഹം, നരകത്തിൽ പോകാൻ താൽപര്യമില്ല’; മരണാനന്തര ജീവിതത്തെക്കുറിച്ച് ട്രംപ്

വാഷിങ്ടൺ: മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള തന്റെ വിശ്വാസങ്ങൾ തുറന്നുപറഞ്ഞ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ മതവിശ്വാസിയാണെന്നും മരണശേഷം സ്വർഗത്തിൽ പ്രവേശിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. എന്നാൽ സ്വർഗത്തിൽ പ്രവേശിക്കണമെങ്കിൽ രാഷ്ട്രീയ എതിരാളികളോട് ക്ഷമിക്കണമെന്ന വ്യവസ്ഥയുണ്ടെങ്കിൽ അതിന് കഴിയുമോയെന്ന ചോദ്യത്തിന് ട്രംപിന്റെ മറുപടി ശ്രദ്ധേയമായി.

സിബിഎസ് ന്യൂസിന്റെ ‘60 മിനിറ്റ്സ്’ പരിപാടിക്കു നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. മരണശേഷം സ്വർഗത്തിൽ പോകുമെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ‘ഞാൻ മതവിശ്വാസിയാണ്. അതുകൊണ്ട് സൈദ്ധാന്തികമായി സ്വർഗത്തിൽ പോകുമെന്നാണ് കരുതുന്നത്. അങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നരകത്തിൽ പോകാൻ എനിക്ക് ആഗ്രഹമില്ല’ എന്നായിരുന്നു ട്രംപിന്റെ മറുപടി.

എന്നാൽ രാഷ്ട്രീയ എതിരാളികളായ മുൻ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമിയോടും മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസിയോടും ക്ഷമിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ട്രംപ് നിഷേധാത്മകമായാണ് പ്രതികരിച്ചത്. ഇരുവരെയും ‘അങ്ങേയറ്റം സത്യസന്ധതയില്ലാത്തവരും രാജ്യത്തിന് ദോഷം ചെയ്യുന്നവരുമായ ആളുകൾ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ക്ഷമിക്കാൻ തയ്യാറല്ലെന്ന് തുറന്നുപറഞ്ഞ ട്രംപ്, ‘സത്യസന്ധമായി പറയട്ടെ, എന്റെ ചില ശത്രുക്കളെ ഞാൻ വെറുക്കുന്നുണ്ട്. എന്നും അങ്ങനെതന്നെയായിരിക്കും. അവരോട് ക്ഷമിക്കാൻ ഒരുപക്ഷേ എനിക്ക് കഴിയില്ല’ എന്നും തുറന്നടിച്ചു.

ട്രംപിന്റെ പരാമർശത്തോട് പ്രതികരിച്ച് പ്രമുഖ ഇവാഞ്ചലിക്കൽ മതപ്രഭാഷകൻ ഫ്രാങ്ക്ലിൻ ഗ്രഹാം രംഗത്തെത്തി. സ്വർഗത്തിൽ പ്രവേശിക്കാൻ സ്വന്തം പാപങ്ങൾ അംഗീകരിക്കുകയും പശ്ചാത്തപിക്കുകയും യേശുക്രിസ്തുവിലുള്ള വിശ്വാസം സ്വീകരിക്കുകയും വേണമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. മതപരമായ ആചാരങ്ങൾക്കപ്പുറം രക്ഷകനുമായുള്ള വ്യക്തിബന്ധമാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

2024 ജൂലൈയിൽ പെൻസിൽവേനിയയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വെടിയേറ്റതടക്കം ഒന്നിലധികം വധശ്രമങ്ങളിൽനിന്ന് രക്ഷപ്പെട്ടിട്ടുള്ള ട്രംപ്, അഭിമുഖത്തിൽ തന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും സംസാരിച്ചു.

നവംബർ മൂന്നിന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ തിരിച്ചടികൾ, കുടിയേറ്റ നയം, ഡെമോക്രാറ്റുകളുമായുള്ള സഹകരണം തുടങ്ങിയ വിഷയങ്ങളും അഭിമുഖത്തിൽ ചർച്ചയായി. കുടിയേറ്റ നിയമങ്ങൾ നടപ്പാക്കുന്നതിൽ തന്റെ ഭരണകൂടം ചില സാഹചര്യങ്ങളിൽ ‘അമിതമായി കടുത്ത നിലപാട്’ സ്വീകരിച്ചിട്ടുണ്ടാകാമെന്നും ട്രംപ് സമ്മതിച്ചു. കുടിയേറ്റ വിഷയത്തിൽ കോൺഗ്രസിലെ ഡെമോക്രാറ്റുകളുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക