Image

വയോജന സംരക്ഷണത്തിന് പദ്ധതികളുമായി സർക്കാർ : മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി

Published on 09 November, 2026
വയോജന സംരക്ഷണത്തിന്  പദ്ധതികളുമായി സർക്കാർ : മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം: പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല, സമൂഹത്തിന്റെ കൂടി കടമയാണെന്ന് വ്യക്തമാക്കി മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി സമഗ്ര പദ്ധതികളുമായി സർക്കാർ. അച്ഛനമ്മമാരെ ഉപേക്ഷിക്കുകയോ വീട്ടിൽനിന്ന് ഇറക്കിവിടുകയോ ചെയ്യുന്നവർക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. 

മുതിർന്ന പൗരന്മാരുടെ സംരക്ഷണം സാമൂഹിക സംസ്കാരമായി വളർത്തിയെടുക്കണമെന്നും സർക്കാരിന് മാത്രമായി ഈ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നും എൻ.ജി.ഒകളും മറ്റ് ഏജൻസികളും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മുതിർന്ന പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട് 12 സ്ഥാപനങ്ങളുമായി വയോജന വകുപ്പ് ധാരണാപത്രം ഒപ്പുവച്ചു.

മുതിർന്ന പൗരന്മാർക്ക് ആവശ്യമായ പരിചരണം ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സന്നദ്ധസംഘടനകളെയും ഏകോപിപ്പിച്ച് സമഗ്രമായ പദ്ധതികൾ നടപ്പാക്കും. ഓരോ പഞ്ചായത്തിലും പരിചരണം ആവശ്യമുള്ള വയോജനങ്ങൾ, അവരുടെ മാനസികാരോഗ്യം, രോഗബാധിതരുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തി കൃത്യമായ വിവരശേഖരണം നടത്തും. ഈ വിവരങ്ങൾ കാലാനുസൃതമായി പുതുക്കുകയും ചെയ്യും. ഇതിലൂടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പുതിയ ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്യാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. അതോടൊപ്പം മുതിർന്ന പൗരന്മാർക്ക് മികച്ച പരിചരണം നൽകാൻ പരിശീലനം ലഭിച്ച പരിചരണപ്രവർത്തകരെ സൃഷ്ടിക്കുന്നതിനുള്ള ഒരു വർഷത്തെ പ്രായോഗിക കോഴ്സും തയ്യാറാക്കുകയാണ്. ജർമനി, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പാഠ്യപദ്ധതികൾ പഠിച്ച് കേരളത്തിന്റെ സാഹചര്യത്തിന് അനുയോജ്യമായ സിലബസ് രൂപപ്പെടുത്തും. നഴ്സിങ്ങിന് തൊട്ടുതാഴെയുള്ള പരിശീലന നിലവാരത്തിലായിരിക്കും കോഴ്സ്.

സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത ഫണ്ടുകൾ എന്നിവയുടെ സഹകരണത്തോടെ പരിശീലനം നേടിയ പരിചരണപ്രവർത്തകരെ നിയമിക്കാനും പദ്ധതിയുണ്ട്. പ്ലസ് ടു വിദ്യാർഥികളെ ഉൾപ്പെടുത്തി സന്നദ്ധപ്രവർത്തകരുടെ സംഘവും രൂപീകരിക്കും. ഇവർ പ്രായമായവരെ സന്ദർശിച്ച് ക്ഷേമം അന്വേഷിക്കുന്നത് അവരുടെ ഏകാന്തത കുറയ്ക്കാനും ജീവിതത്തിൽ പ്രതീക്ഷ വർധിപ്പിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. പരിചരണം ഉറപ്പാക്കുന്നതിനൊപ്പം വിരമിച്ചവരുടെ അനുഭവസമ്പത്തും അറിവും പുതിയ സ്റ്റാർട്ടപ്പുകൾക്കും വ്യവസായങ്ങൾക്കും മാർഗനിർദേശം നൽകാൻ ഉപയോഗപ്പെടുത്തും. ഇതിലൂടെ സിൽവർ ഇക്കോണമിയും കെയർ ഇക്കോണമിയും വളർത്തുകയാണ് ലക്ഷ്യം.

 സജീവവും ആരോഗ്യകരവുമായ വാർധക്യം, സമൂഹാധിഷ്ഠിത പരിചരണം, സ്വതന്ത്ര ജീവിതം, ഗവേഷണം, വിവരാധിഷ്ഠിത നയരൂപീകരണം, സാമൂഹിക സുരക്ഷയും അവകാശങ്ങളും ഉൾപ്പെടെ അഞ്ച് പ്രധാന മേഖലകളിലാണ് വകുപ്പിന്റെ പ്രവർത്തനം.

അക്കാദമിക, ഗവേഷണ, സാങ്കേതിക, സ്ഥാപനതല സഹകരണം ഉറപ്പാക്കുന്നതിനാണ് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 12 സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക