
കോട്ടയം: ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി വീട്ടിൽ നിന്നും 24 പവൻ സ്വർണം കവർന്ന കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. പാമ്പാടി സ്വദേശികളായ അൻസൽ മുഹമ്മദ്, നിധിൻ നിഷാദ്, ഷെബിൻ എബ്രഹാം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂവരും 18 വയസ്സുള്ളവരാണ്. കുട്ടിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 24 ലക്ഷം രൂപ വിലവരുന്ന 24 പവൻ സ്വർണാഭരണങ്ങളാണ് ഇവർ ഭീഷണിപ്പെടുത്തി കൈക്കലാക്കിയത്.
കുട്ടി പഠിക്കുന്ന സ്കൂളിലെ മുൻവിദ്യാർഥികളാണ് പ്രതികൾ. കുട്ടിയുമായി ട്യൂഷൻ സെന്ററിൽ വെച്ചാണ് ഇവർ പരിചയത്തിലായത്. ഈ വർഷം മാർച്ച് ആദ്യവാരം മുതൽ പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്താൻ തുടങ്ങിയിരുന്നു. കുട്ടിയെയോ മാതാപിതാക്കളെയോ കള്ളക്കേസിൽ കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയാണ് വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കൈക്കലാക്കിയത്. വളകൾ, ചെയിനുകൾ, നെക്ലേസുകൾ, കമ്മലുകൾ, മോതിരങ്ങൾ തുടങ്ങിയ ആഭരണങ്ങളാണ് കുട്ടി പല തവണകളായി പ്രതികൾക്ക് നൽകിയത്.
കുട്ടിയുടെ മാതാവ് അടുത്തിടെ സ്വർണം പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് കുടുംബം പൊലീസിൽ പരാതിപ്പെടാൻ ഒരുങ്ങുന്നതിനിടെയാണ് കുട്ടി സംഭവിച്ച കാര്യങ്ങൾ മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. സൈക്കിൾ വിൽക്കാനും ആ തുക തങ്ങൾക്ക് നൽകാനും പ്രതികൾ കുട്ടിയെ അടുത്തിടെ വീണ്ടും ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും ഞായറാഴ്ച പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികൾ സ്വർണം എന്ത് ചെയ്തു എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.