Image

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സി.പി.എം അല്ല; വിവാദങ്ങൾ തള്ളി ബി. ഗോപാലകൃഷ്ണൻ

Published on 09 November, 2026
മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സി.പി.എം അല്ല; വിവാദങ്ങൾ തള്ളി ബി. ഗോപാലകൃഷ്ണൻ

തൃശൂർ: നടൻ മമ്മൂട്ടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാപകമായ സൈബർ ആക്രമണത്തിന് പിന്നിൽ സി.പി.എം അല്ലെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ. തന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിൽ മമ്മൂട്ടിയെ അധിക്ഷേപിക്കുന്നത് യഥാർഥ 'സൈബർ സഖാക്കൾ' അല്ലെന്നും പ്രത്യേക താല്പര്യങ്ങളോടെ പ്രവർത്തിക്കുന്ന ചില ഗ്രൂപ്പുകളാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയത്തിന് അതീതമായി മനുഷ്യബന്ധങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും മകളുടെ വിവാഹച്ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസിലെ പ്രമുഖ നേതാക്കളുമടക്കം എത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

​പാർട്ടി വ്യത്യാസമില്ലാതെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖരുമായി തനിക്ക് അടുത്ത വ്യക്തിബന്ധമുണ്ടെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. താൻ അടിമുടി ബി.ജെ.പിക്കാരനാണെങ്കിലും എല്ലാവരുമായും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ്. കേരളവർമ്മ കോളേജിൽ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ വോട്ടുകൾ കൂടി നേടിയാണ് താൻ വിജയിച്ചതെന്നും തന്റെ ഈ നിലപാടാണ് എല്ലാവരുമായുള്ള സൗഹൃദത്തിന് അടിസ്ഥാനമെന്നും അദ്ദേഹം ഓർമിപ്പിച്ചു. പിണറായി വിജയൻ പങ്കെടുത്തത് അദ്ദേഹം പാർട്ടി വിടുന്നത് കൊണ്ടല്ലല്ലോ എന്നും ഗോപാലകൃഷ്ണൻ ചോദിച്ചു.

​സൈബർ ഇടങ്ങളിൽ അധിക്ഷേപം ചൊരിയുന്നവർ സി.പി.എമ്മിന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്നും ഉത്തരവാദിത്തപ്പെട്ട ഒരു നേതാവോ യഥാർഥ പ്രവർത്തകരോ ഇത്തരം തരംതാണ നീക്കങ്ങൾക്ക് മുതിരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'സംഘികൾ' എന്ന് സ്വയം വിളിച്ച് നടക്കുന്ന ചിലർക്ക് ആർ.എസ്.എസുമായി യാതൊരു ബന്ധവുമില്ലാത്തതുപോലെ തന്നെയാണ് ഇവിടുത്തെ സാഹചര്യവും. മമ്മൂട്ടിയുമായി തനിക്ക് ദീർഘകാലത്തെ ഊഷ്മള ബന്ധമാണുള്ളതെന്നും മകളുടെ മംഗളകർമത്തെ ഇത്തരത്തിൽ മോശമായ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക