Image

ആലുവയിലെ റിസോർട്ടിൽ മദ്യ-ലഹരി പാർട്ടിക്കിടെ 15-കാരിക്ക് നേരെ പീഡനം; കടവന്ത്ര സ്വദേശി പിടിയിൽ, നടുക്കുന്ന വിവരങ്ങൾ പുറത്ത്!

Published on 09 November, 2026
ആലുവയിലെ റിസോർട്ടിൽ മദ്യ-ലഹരി പാർട്ടിക്കിടെ 15-കാരിക്ക് നേരെ പീഡനം; കടവന്ത്ര സ്വദേശി പിടിയിൽ, നടുക്കുന്ന വിവരങ്ങൾ പുറത്ത്!

​കൊച്ചി: ഹാലോവീൻ ആഘോഷത്തിന്റെ മറവിൽ ആഡംബര റിസോർട്ടിൽ നടന്ന ലഹരി പാർട്ടിക്കിടെ പതിനഞ്ചുകാരിയായ സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ കടവന്ത്ര സ്വദേശിയായ അലക്സ് (21) എന്ന യുവാവിനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അതിവേഗ നടപടി സ്വീകരിച്ചത്. ആലുവ യു.സി കോളജിന് സമീപമുള്ള റിസോർട്ടിൽ സംഘടിപ്പിച്ച പാർട്ടിയിൽ പ്രമുഖരുടെ മക്കളടക്കം മുപ്പതിലധികം യുവതീ-യുവാക്കളാണ് പങ്കെടുത്തത്. പാർട്ടിയിൽ പങ്കെടുത്തവരിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളുമുണ്ടായിരുന്നു.

​പെൺകുട്ടികൾ മാത്രമുള്ള സൗഹൃദ കൂട്ടായ്മയാണെന്ന് വിശ്വസിപ്പിച്ചാണ് പത്താം ക്ലാസുകാരിയായ പെൺകുട്ടി വീട്ടിൽനിന്ന് പാർട്ടിക്ക് പോയത്. എന്നാൽ, ആഘോഷങ്ങൾക്കിടയിൽ വ്യാപകമായി മദ്യസൽക്കാരവും ലഹരി ഉപയോഗവും നടക്കുകയായിരുന്നു. പാർട്ടിയിൽ പങ്കെടുക്കാനെത്തിയ മറ്റൊരു പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ സ്ഥലത്തെത്തിയ പിതാവാണ് അവിടെ നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങളും ലഹരി ഉപയോഗവും കണ്ട് ഞെട്ടിയത്. തുടർന്ന് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ഇദ്ദേഹം, വിവരം പീഡനത്തിനിരയായ കുട്ടിയുടെ അമ്മയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നു.

​വിവരമറിഞ്ഞ് മാതാപിതാക്കൾ നേരിട്ടെത്തി മകളെ തിരികെ കൊണ്ടുപോയ ശേഷമാണ് അതിക്രമം നടന്ന വിവരം കുട്ടി തുറന്നുപറഞ്ഞത്. തുടർന്ന് കുടുംബം ഉടൻ തന്നെ പൊലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. പ്ലസ് ടു തലത്തിലുള്ള വിദ്യാർഥികളടക്കമുള്ള പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യവും ലഹരി വസ്തുക്കളും വിതരണം ചെയ്തത് ആരാണെന്നതിനെക്കുറിച്ചും, റിസോർട്ട് കേന്ദ്രീകരിച്ച് നടന്ന മറ്റ് ഇടപാടുകളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക