
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടർപട്ടിക പരിശോധനയുമായി ബന്ധപ്പെട്ട എസ്.ഐ.ആർ (SIR) അപ്പലേറ്റ് ട്രൈബ്യൂണലിൽനിന്ന് ഒരു വിരമിച്ച ജഡ്ജി കൂടി രാജിവെച്ചു. കൊൽക്കത്ത ഹൈക്കോടതിയിലെ റിട്ടയേർഡ് ജഡ്ജി ബിശ്വജിത് ബസുവാണ് പദവി ഒഴിഞ്ഞത്. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനമെന്ന് വ്യക്തമാക്കി കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആർ.വി. ഘുഗെയ്ക്ക് അദ്ദേഹം കത്ത് കൈമാറി. ഇതോടെ എസ്.ഐ.ആർ ട്രൈബ്യൂണൽ തലവന്മാരായി നിയോഗിക്കപ്പെട്ട 19 ജഡ്ജിമാരിൽ രാജി സമർപ്പിക്കുന്ന നാലാമത്തെയാളായി ജസ്റ്റിസ് ബിശ്വജിത് ബസു മാറി.
സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് വോട്ടർപട്ടികയിലെ പരാതികൾ തീർപ്പാക്കുന്നതിനായി സംസ്ഥാനത്ത് 19 അപ്പലേറ്റ് ട്രൈബ്യൂണലുകൾ രൂപീകരിച്ചത്. എസ്.ഐ.ആർ പ്രക്രിയയിലൂടെ വോട്ടർപട്ടികയിൽനിന്ന് അനധികൃതമായി പേരുകൾ ഒഴിവാക്കപ്പെട്ടെന്ന ആരോപണത്തിന്മേലുള്ള അപ്പീലുകൾ തീർപ്പാക്കുകയായിരുന്നു ഈ സമിതികളുടെ പ്രധാന ചുമതല. സംസ്ഥാനത്താകെ 38 ലക്ഷത്തോളം അപ്പീലുകളാണ് ട്രൈബ്യൂണലുകളുടെ പരിഗണനയിലുള്ളത്. നേരത്തെ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം, മുൻ ജഡ്ജിമാരായ രഞ്ജിത് കുമാർ ബാഗ്, ഇന്ദ്രജിത് ചാറ്റർജി എന്നിവരും സമാനമായ രീതിയിൽ പദവിയൊഴിഞ്ഞിരുന്നു.
മുസ്ലിം ഭൂരിപക്ഷ മേഖലയായ മുർഷിദാബാദ് ജില്ലയിലെ അപ്പീലുകൾ പരിഗണിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന ജഡ്ജിമാരാണ് ഇപ്പോൾ സ്ഥാനമൊഴിഞ്ഞ ജസ്റ്റിസ് ബിശ്വജിത് ബസുവും നേരത്തെ രാജിവെച്ച ജസ്റ്റിസ് ഇന്ദ്രജിത് ചാറ്റർജിയും. 'ലോജിക്കൽ ഡിസ്ക്രിപെൻസി' (യുക്തിപരമായ പൊരുത്തക്കേട്) ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടത് മുർഷിദാബാദിൽ നിന്നായിരുന്നു. ലക്ഷക്കണക്കിന് പരാതികൾ കെട്ടിക്കിടക്കുന്നതിനിടെ പ്രമുഖ ജഡ്ജിമാർ തുടർച്ചയായി രാജിവെച്ചൊഴിയുന്നത് ട്രൈബ്യൂണലിന്റെ പ്രവർത്തനങ്ങളെയും നടപടികളുടെ വേഗത്തെയും കാര്യമായി ബാധിച്ചേക്കും.