Image

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായാൽ സംഘർഷം ഒഴിവാക്കുമെന്ന് ട്രംപ്

Published on 09 November, 2026
ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായാൽ സംഘർഷം ഒഴിവാക്കുമെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിലും വ്യക്തമായ പുരോഗതിയുണ്ടായാൽ ഇറാനെതിരെ വീണ്ടും സൈനിക നീക്കം നടത്തേണ്ടിവരാനുള്ള സാധ്യത വളരെ കുറവാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ, നയതന്ത്ര ചർച്ചകളിൽ ശക്തമായ കരാറിലെത്താൻ ഇറാൻ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

സിഎൻഎന്നിന് നൽകിയ 20 മിനിറ്റ് ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാനുമായി ശക്തമായൊരു കരാറിൽ എത്താനായാൽ വീണ്ടും സൈനിക ഏറ്റുമുട്ടലിന്റെ ആവശ്യമുണ്ടാകില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. എന്നാൽ ആവശ്യമെങ്കിൽ സൈനിക നടപടി സ്വീകരിക്കാൻ മടിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.

ഇറാന്റെ സാമ്പത്തിക സ്ഥിതിയും സൈനിക ശേഷിയും മുൻ ആക്രമണങ്ങളിലൂടെയും സാമ്പത്തിക ഉപരോധങ്ങളിലൂടെയും തകർത്തുവെന്നാണ് ട്രംപിന്റെ അവകാശവാദം. ഇറാന്റെ പണപ്പെരുപ്പം 301 ശതമാനത്തിലെത്തിയെന്നും രാജ്യം സാമ്പത്തികമായി തകർച്ചയിലേക്കു നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇറാനിലെ 38 പാലങ്ങൾ യുഎസ് ലക്ഷ്യമിട്ടിട്ടുണ്ടെന്നും ഒരു മണിക്കൂറിനുള്ളിൽ അവ തകർക്കാൻ കഴിയുമെന്നും ട്രംപ് വെളിപ്പെടുത്തി. എന്നാൽ, പാലങ്ങൾ തകർക്കുന്നതിനോട് തനിക്ക് താൽപര്യമില്ലെന്നും അവ പുനർനിർമിക്കാൻ പത്തുവർഷത്തോളം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, അമേരിക്കയിലെ രാഷ്ട്രീയ മാറ്റങ്ങൾ ഇറാന്റെ നിലപാടിനെ സ്വാധീനിക്കില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ മുതിർന്ന ഉപദേഷ്ടാവ് മുഹമ്മദ് മൊഖ്ബർ വ്യക്തമാക്കി. അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ നേടിയ വിജയത്തെ ഇറാന്റെ ഭാവിയുമായി ബന്ധിപ്പിക്കുന്നത് മൗഢ്യമാണെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

വാഷിങ്ടണിലെ രാഷ്ട്രീയ മാറ്റങ്ങളെ ആശ്രയിക്കാതെ രാജ്യത്തിന്റെ സാമ്പത്തിക വിഭവങ്ങൾ ശക്തിപ്പെടുത്തുന്നതിലാണ് ഇറാൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും സമയം ദേശീയ സമ്പത്താണെന്നും അത് പാഴാക്കരുതെന്നും മൊഖ്ബർ പറഞ്ഞു.

അമേരിക്കയുടെ ആധിപത്യപരവും ശത്രുതാപരവുമായ നയങ്ങൾക്കെതിരെ ഇറാൻ സായുധസേനയും ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. അമേരിക്കയുടെ രാഷ്ട്രീയ-തിരഞ്ഞെടുപ്പ് രംഗത്തെ തിരിച്ചടികൾ ഇറാന്റെ ശക്തിക്കു മുന്നിലുള്ള പരാജയത്തിന്റെ പ്രതിഫലനമാണെന്ന് സായുധസേനാ വക്താവ് ബ്രിഗേഡിയർ ജനറൽ ഷെകാർച്ചി ആരോപിച്ചു.

ഇറാനെതിരെ അമേരിക്ക നടപ്പാക്കുന്ന പരമാവധി സമ്മർദ്ദ നയവും സൈനിക തന്ത്രങ്ങളും പരാജയപ്പെട്ടുവെന്നും പശ്ചിമേഷ്യയിലടക്കം അമേരിക്ക നേരിടുന്ന തിരിച്ചടികൾ വൈറ്റ് ഹൗസിന്റെ ശക്തിയെ ദുർബലപ്പെടുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

ട്രംപും അനുയായികളും ഇറാനെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഏറ്റുമുട്ടലിന് മുതിർന്നതെന്നും എന്നാൽ തന്ത്രപരമായ തിരിച്ചടികളും ആഭ്യന്തര പ്രതിസന്ധികളുമാണ് അമേരിക്ക നേരിടുന്നതെന്നും ഷെകാർച്ചി ആരോപിച്ചു. ഇറാനെതിരെ നിലകൊള്ളുന്ന ഏതു ശക്തിക്കും ഒടുവിൽ തകർച്ചയായിരിക്കും ഫലമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നയതന്ത്ര ചർച്ചകളിലൂടെ സംഘർഷം ഒഴിവാക്കാനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് സൂചന നൽകുമ്പോഴും, ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ആരോപണങ്ങളും മുന്നറിയിപ്പുകളും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിന്റെ സൂചനയാണ് നൽകുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക