
അറ്റ്ലാന്റ: ഇടക്കാല തിരഞ്ഞെടുപ്പിൽ എണ്ണാത്ത വോട്ടുകൾ കണ്ടെത്തിയതോടെ തിരഞ്ഞെടുപ്പ് ഫലം മാറിമറിഞ്ഞു. സംഭവത്തിൽ ജോർജിയ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ബ്രാഡ് റാഫെൻസ്പെർഗർ അന്വേഷണം പ്രഖ്യാപിച്ചു.
ജോർജിയ സ്റ്റേറ്റ് ഹൗസിലെ 154-ാം മണ്ഡലത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ഹാരി ജെയിംസ് 58 വോട്ടുകൾക്ക് മുന്നിലായിരുന്നു. എന്നാൽ പുതുതായി കണ്ടെത്തിയ വോട്ടുകൾ കൂടി ഉൾപ്പെടുത്തിയതോടെ നിലവിലെ റിപ്പബ്ലിക്കൻ അംഗം ജെറാൾഡ് ഗ്രീൻ 262 വോട്ടുകളുടെ ലീഡ് നേടി. അന്തിമ ഔദ്യോഗിക സ്ഥിരീകരണത്തിന് വിധേയമായ ഫലമാണിത്.
ജോർജിയയിലെ സെമിനോൾ കൗണ്ടിയിലാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ അടങ്ങിയ ഒരു മെമ്മറി കാർഡിലെ വിവരങ്ങൾ പൂർണമായി ഉൾപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തിയത്. തിരഞ്ഞെടുപ്പിനുശേഷം നടത്തിയ പതിവ് പരിശോധനയിൽ വോട്ട് ചെയ്യാനെത്തിയതായി രേഖപ്പെടുത്തിയവരുടെ എണ്ണവും റിപ്പോർട്ട് ചെയ്ത വോട്ടുകളുടെ എണ്ണവും തമ്മിൽ ഏകദേശം 388 വോട്ടുകളുടെ വ്യത്യാസം കണ്ടെത്തുകയായിരുന്നു.
180 അംഗങ്ങളുള്ള ജോർജിയ അസംബ്ലിയിൽ ഡെമോക്രാറ്റുകൾ 93 സീറ്റുകൾ നേടി ഭൂരിപക്ഷം തിരിച്ചുപിടിക്കുമെന്നായിരുന്നു അനൗദ്യോഗിക ഫലങ്ങൾ സൂചിപ്പിച്ചത്. എന്നാൽ 154-ാം മണ്ഡലത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുടെ വിജയം സ്ഥിരീകരിച്ചാൽ ഡെമോക്രാറ്റുകളുടെ സീറ്റുകൾ 92 ആയി കുറയും. ഭൂരിപക്ഷത്തിന് 91 സീറ്റുകളാണ് വേണ്ടത് .
മെമ്മറി കാർഡ് നഷ്ടപ്പെട്ടിരുന്നില്ലെന്നും അവസാനത്തെ കാർഡിലെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന സാങ്കേതിക നടപടി പൂർത്തിയായിരുന്നില്ലെന്നുമാണ് സെമിനോൾ കൗണ്ടി തിരഞ്ഞെടുപ്പ് അധികൃതരുടെ വിശദീകരണം.
2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് ഫലം മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ അതിന് വഴങ്ങാതിരുന്ന ഉദ്യോഗസ്ഥനാണ് റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ബ്രാഡ് റാഫെൻസ്പെർഗർ എന്നതും ഈ സംഭവത്തിന് രാഷ്ട്രീയ ശ്രദ്ധ വർധിപ്പിക്കുന്നു.