
തിരുവനന്തപുരം: പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ കലർത്തുന്നുണ്ടോയെന്ന് പരിശോധിക്കാൻ സംസ്ഥാന സർക്കാർ നടപടികളിലേക്ക്. കർണാടകയിൽ നടത്തിയ പരിശോധനയിൽ പെട്രോളിൽ എഥനോളിന്റെ അളവ് കൂടുതലാണെന്ന കണ്ടെത്തലിനെ തുടർന്നാണ് കേരളവും പരിശോധനയ്ക്ക് ഒരുങ്ങുന്നത്. കേരളത്തിലെ പരിശോധനാ ഫലം ദേശീയതലത്തിൽ പോലും ചർച്ചയാകുമെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്താനാണ് തീരുമാനം. പെട്രോളിലെ എഥനോൾ അളവ് ശാസ്ത്രീയമായി പരിശോധിക്കുന്നതിനുള്ള നടപടികൾ വൈകാതെ ആരംഭിക്കും. ഇതുസംബന്ധിച്ച് ഉപഭോക്തൃകാര്യ കമ്മീഷണർക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.6
കേരളത്തിൽ നിലവിൽ അനുവദനീയമായ അളവിൽ കൂടുതൽ എഥനോൾ പെട്രോളിൽ കലർന്നതായി കണ്ടെത്തിയിട്ടില്ല. എന്നാൽ കർണാടകയിലെ പരിശോധനാ ഫലം രാജ്യവ്യാപകമായി രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച സാഹചര്യത്തിലാണ് കേരളവും പരിശോധന ശക്തമാക്കുന്നത്.
പരിശോധന നടത്താനുള്ള നിയമപരമായ അധികാരവും സംസ്ഥാന സർക്കാരിനുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.