
ആലപ്പുഴ: എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവു ഉന്നയിച്ച കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എന്നാൽ, ഈ ആരോപണങ്ങൾ അദ്ദേഹം പദവിയിലിരിക്കുമ്പോഴായിരുന്നു ഉന്നയിക്കേണ്ടിയിരുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എക്സൈസ് വകുപ്പിലെ ഇത്തരം വിവാദങ്ങൾക്ക് വലിയ പ്രസക്തിയില്ലെന്നും അതെല്ലാം കൈകാര്യം ചെയ്യാൻ അറിയാവുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും പറഞ്ഞ അദ്ദേഹം, ഒരു സർക്കാരാവുമ്പോൾ ചില ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും കൂട്ടിച്ചേർത്തു.
സർക്കാരിന് ഉദ്യോഗസ്ഥരുടെമേൽ കൃത്യമായ നിയന്ത്രണമുണ്ടെന്നും കുറച്ചുകാലം ഭരിക്കാൻ അനുവദിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു. ഓരോ വിഷയത്തിലും ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കും. കമ്മീഷണറുടെ ആരോപണങ്ങൾ ഒരു പരാതിയായി കണ്ട് തക്കതായ നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും കെ.സി. വേണുഗോപാൽ ശക്തമായ വിമർശനം ഉന്നയിച്ചു. ഗ്യാനേഷ് കുമാറിന് ഉടൻതന്നെ പദവിയിൽ നിന്ന് പുറത്തുപോകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. വരും പാർലമെന്റ് സമ്മേളനത്തിൽ ഇതിനെതിരെ പുതിയ പോർമുഖം തുറക്കുമെന്നും, കഴിഞ്ഞ സമ്മേളനക്കാലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് 25 ദിവസത്തോളം സഭയിൽ വരാൻ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.