
ബെംഗളൂരു: 178 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തില്‍ ഭീഷണി കുറിപ്പ് കണ്ടെത്തിയത് വൻ ആശങ്കയ്ക്കിടയാക്കി . ടോയ്‌ലറ്റില്‍ ഭീഷണി കുറിപ്പ് കണ്ടെത്തിയതോടെ അര മണിക്കൂര്‍ പിന്നിട്ട വിമാനം വീണ്ടും ബെംഗളൂരുവിലേക്ക് തന്നെ തിരിച്ചുപറക്കുകയായിരുന്നു. ഇത്രയും നേരം യാത്രക്കാരും വിമാന ജീവനക്കാരും ഭീതിയുടെ മുള്‍മുനയിലായി.
ബെംഗളൂരുവില്‍ നിന്ന് ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലേക്ക് പുറപ്പെട്ട 6ഇ 451 ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. ശനിയാഴ്ച വൈകീട്ട് 5.50നാണ് വിമാനം പുറപ്പെട്ടത്. അര മണിക്കൂറിന് ശേഷം ഒരു യാത്രക്കാരന്‍ ടോയ്‌ലറ്റില്‍ പോയപ്പോള്‍ ഭീഷണി സന്ദേശം അടങ്ങിയ കടലാസ് കാണുകയായിരുന്നു. ഈ വിമാനം റാഞ്ചും എന്നായിരുന്നു കടലാസില്‍ എഴുതിയിരുന്നത്.
യാത്രക്കാരന്‍ ഉടന്‍ വിമാനത്തിലെ ജീവനക്കാരെ വിവരം അറിയിച്ചു. ഇവര്‍ പൈലറ്റിനെയും. തുടര്‍ന്ന് വിമാനം ബെംഗളൂരുവിലേക്ക് തന്നെ തിരിച്ചുപറത്താന്‍ പൈലറ്റ് തീരുമാനിച്ചു. ഈ വേളിയല്‍ ബെംഗളൂരു വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറായി നിന്നു. വിമാനം ഇറക്കിയ ഉടനെ വിശദമായ പരിശോധന നടത്തി. പക്ഷേ, കാര്യമായി ഒന്നും കണ്ടെത്തിയില്ല. യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും ലഭിച്ചില്ല.
ഈ വിമാനം കൃത്യം 6.30ന് റാഞ്ചും എന്നാണ് കടലാസില്‍ എഴുതിയിരുന്നത്. വിമാനം ബെംഗളൂരുവില്‍ എത്തിയ ശേഷം 90 മിനുട്ട് വിശദമായ പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയില്ല. അതൊരു വ്യാജ ഭീഷണി സന്ദേശമായിരുന്നു. പിന്നീട് രാത്രി വിമാനം യാത്ര തുടര്‍ന്നു- പോലീസ് ഓഫീസര്‍ മാധ്യമങ്ങളെ അറിയിച്ചു.