Image

ദാവൂദ് ഇബ്രാഹിമിന്റെ സ്റ്റിക്കറുമായി കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് ബസ് മംഗ്ളൂരുവിൽ പൊലീസ് കസ്റ്റഡിയിൽ

Published on 08 November, 2026
 ദാവൂദ് ഇബ്രാഹിമിന്റെ സ്റ്റിക്കറുമായി കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് ബസ്  മംഗ്ളൂരുവിൽ പൊലീസ് കസ്റ്റഡിയിൽ

കേരളത്തിൽ നിന്ന് കോളേജ് വിദ്യാർഥികളുമായി വിനോദയാത്രയ്ക്കെത്തിയ ടൂറിസ്റ്റ് ബസ് ചിക്കമഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്റ്റിക്കർ പതിപ്പിച്ച ബസാണ് ചിക്കമഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്.‘ദാവൂദ്, റൈസ് ഓഫ് എ ഡോൺ’ എന്ന സ്റ്റിക്കറാണ് ബസിൽ പതിച്ചിരുന്നത്.

ചിക്കമഗളൂരു പട്ടണത്തിലെ ബൊലാരാമേശ്വര ക്ഷേത്രത്തിന് സമീപം ബസ് എത്തിയതോടെയാണ് സംഭവം വിവാദമായത്. ബസിലെ സ്റ്റിക്കറുകൾ ശ്രദ്ധയിൽപ്പെട്ട ഹിന്ദു സംഘടനാ പ്രവർത്തകർ വാഹനം തടഞ്ഞുനിർത്തി ഡ്രൈവറെയും ക്ലീനറെയും ചോദ്യം ചെയ്തു.

അധോലോക കുറ്റവാളിയെ പ്രകീർത്തിക്കുന്നതാണ് സ്റ്റിക്കറിലെ വാക്കുകൾ എന്ന് ആരോപിച്ച് പ്രദേശത്തെ സംഘടനാ നേതാക്കളും ബസ് ജീവനക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി ബസും രേഖകളും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റിക്കറിലെ എഴുത്ത് മറച്ചശേഷം താക്കീത് നൽകി ബസ് വിട്ടയച്ചു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.

ചിക്കമഗളൂരുവിൽ എത്തുന്നതിന് മുമ്പ് നിരവധി പൊലീസ് ചെക്ക്‌പോസ്റ്റുകൾ കടന്നുപോയിട്ടും ബസ് അധികൃതരുടെ ശ്രദ്ധയിൽപ്പെടാതിരുന്നത് എങ്ങനെയെന്ന ചോദ്യം ഉയർത്തി ബിജെപി യുവമോർച്ചയും രംഗത്തെത്തി. സംഭവത്തെ ഗുരുതരമായ സുരക്ഷാവീഴ്ചയായി വിശേഷിപ്പിച്ച സംഘടന, കുറ്റവാളികളെയും ദേശവിരുദ്ധരെയും മഹത്വവൽക്കരിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രദർശിപ്പിച്ചവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക