Image

ഇഡി 'സൂപ്പർ പോലീസ്' ചമയണ്ടന്ന് കർണാടക ഹൈക്കോടതി; കോൺഗ്രസ് എംഎൽഎയ്‌ക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് റദ്ദാക്കി

Published on 08 November, 2026
ഇഡി 'സൂപ്പർ പോലീസ്' ചമയണ്ടന്ന് കർണാടക ഹൈക്കോടതി; കോൺഗ്രസ് എംഎൽഎയ്‌ക്കെതിരായ  കള്ളപ്പണം വെളുപ്പിക്കൽ കേസ് റദ്ദാക്കി

മറ്റ് അന്വേഷണ ഏജൻസികളോ പൊലീസോ പ്രോസിക്യൂട്ട് ചെയ്യാൻ തയ്യാറാകാത്ത ഒരു കുറ്റകൃത്യത്തിന്മേൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്  കള്ളപ്പണക്കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് കർണാടക ഹൈക്കോടതി. കർണാടക കോൺഗ്രസ് എം.എൽ.എ കെ.വൈ. നഞ്ചെ ഗൗഡയ്ക്കും മറ്റുള്ളവർക്കുമെതിരെ എടുത്ത ഇ.സി.ഐ.ആറും അതുമായി ബന്ധപ്പെട്ട നടപടികളും റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് എം.ഐ. അരുൺ വെള്ളിയാഴ്ചയാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ശ്രദ്ധയിൽ വരുന്ന എല്ലാ കാര്യങ്ങളും അന്വേഷിക്കാൻ ഇഡി ഒരു സൂപ്പർ പോലീസല്ലെന്നും കോടതി പറഞ്ഞു.

കോലാർ-ചിക്കബല്ലാപുർ മിൽക്ക് യൂണിയനിലെ   അനധികൃത നിയമനവുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണത്തിൽ നിന്നും ഉടലെടുത്ത അഞ്ച് ഹർജികളിലാണ് ഈ ഉത്തരവ് വന്നത്. പി.എം.എൽ.എ നിയമപ്രകാരം ഏജൻസിയുടെ അധികാരപരിധി എവിടെ ആരംഭിക്കുന്നു, എവിടെ അവസാനിക്കുന്നു എന്ന് ഈ വിധി വ്യക്തമാക്കുന്നു.

2023 നവംബർ 30-ന് ഒരു ഭൂമി കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി ഈ അന്വേഷണം ആരംഭിച്ചത്. മാളൂർ ലാൻഡ് ഗ്രാൻ്റ് കമ്മിറ്റി ചെയർമാനായിരുന്ന നഞ്ചെ ഗൗഡ 38 പേർക്കായി ഏകദേശം 80 ഏക്കർ ഭൂമി ശുപാർശ ചെയ്തു എന്നായിരുന്നു ആരോപണം. തുടർന്ന് ലഭിച്ച സ്വകാര്യ പരാതിയിൽ ക്രൈം നമ്പർ 489/2022 ആയി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ ഈ കേസ് വിചാരണ ഘട്ടത്തിലെത്തിയില്ല. സർക്കാർ അനുമതി ലഭിക്കാത്തതിനാൽ പോലീസ് ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കുകയും, കേസ് നടത്താൻ ആരും മുന്നോട്ട് വരാത്തതിനാൽ വിചാരണ കോടതി തള്ളിക്കളയുകയും ചെയ്തു. ഈ നടപടികൾ അന്തിമമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

പി.എം.എൽ.എ നിയമപ്രകാരം ഒരു പ്രൈമറി ഏജൻസി എഫ്.ഐ.ആറോ ഔദ്യോഗിക പരാതിയോ രജിസ്റ്റർ ചെയ്ത ശേഷമേ ഇ.ഡിയുടെ പങ്ക് ആരംഭിക്കുന്നുള്ളൂ എന്ന് ജസ്റ്റിസ് അരുൺ വ്യക്തമാക്കി. ഇ.ഡിയുടെ അധികാരം സ്വന്തമായുള്ളതല്ലെന്നും മറ്റുള്ളവയെ ആശ്രയിച്ചുള്ളതാണെന്നും  , കള്ളപ്പണക്കേസിൽ സ്വതന്ത്രമായൊരു സംശയത്തിന്റെ പേരിൽ മാത്രം അന്വേഷണം ആരംഭിക്കാൻ അവർക്ക് കഴിയില്ലെന്നും കോടതി പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക