
തിരുവനന്തപുരം: പരീക്ഷാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വഷണ സംഘം വീണ്ടും നോട്ടീസ് നല്‍കി. ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് പുതിയ സമന്‍സ്. കേസില്‍ ചെയര്‍മാനെ പ്രതി ചേര്‍ക്കുന്നതിനും അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുന്നതിനും മുന്നോടിയായാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കമെന്നാണ് അറിയുന്നത്.
കഴിഞ്ഞ തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍, അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി ചെയര്‍മാന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി അന്വേഷണം തടഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ക്രൈംബ്രാഞ്ച് പുതിയ നോട്ടീസ് അയച്ചത്.
ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാ ക്രമക്കേടിലാണ് വീണ്ടും ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഈ കേസില്‍ നിര്‍ണായകമായ മൊഴികളും തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. പത്ത് ചോദ്യങ്ങളുടെ മൂല്യനിര്‍ണയം നടത്താതിരുന്നത് ആസൂത്രിതമാണെന്നാണ് കണ്ടെത്തല്‍.