
പകൽസമയത്ത് ആളുകൾ നിറഞ്ഞുനിന്ന നഗരത്തിലെ പ്രധാന മാർക്കറ്റ് ചത്വരത്തിലേക്ക് കാറിലെത്തി അക്രമിയുടെ വെടിവെപ്പ്. അപ്രതീക്ഷിത ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും പന്ത്രണ്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പോളണ്ടിലെ ക്രാക്കോവ് നഗരത്തിലാണ് നാടിനെ നടുക്കിയ വെടിവെപ്പുണ്ടായത്.
പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഒരാൾ കാറോടിച്ചെത്തി വാഹനത്തിനുള്ളിൽനിന്ന് ആളുകൾക്ക് നേരെ പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ആക്രമണത്തിൽ നിരവധി പേർക്ക് വെടിയേറ്റു. പരിക്കേറ്റവരിൽ പോലീസുകാരും ഉൾപ്പെടുന്നുണ്ട്.
സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ നടപടിയിൽ സംശയിക്കപ്പെടുന്ന അക്രമിയെ വെടിവെച്ച് വീഴ്ത്തി. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്നും പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്