Image

വിമാനങ്ങൾ റദ്ദായേക്കാം, വ്യോമാതിർത്തി അടച്ചേക്കാം; പശ്ചിമേഷ്യയിൽ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി അമേരിക്ക

Published on 07 November, 2026
വിമാനങ്ങൾ റദ്ദായേക്കാം, വ്യോമാതിർത്തി അടച്ചേക്കാം; പശ്ചിമേഷ്യയിൽ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി അമേരിക്ക

 ഇസ്രായേലിലെ യുഎസ് എംബസി ഉൾപ്പെടെ പശ്ചിമേഷ്യയിലെ നിരവധി നയതന്ത്ര കാര്യാലയങ്ങൾ വഴി സ്വന്തം പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി അമേരിക്ക . യെമനിലെ ഹൂതി സൈന്യത്തിൽ നിന്നുള്ള ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും, മേഖലയിലെ ഉയർന്ന യുഎസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇറാൻ പദ്ധതികൾ തയ്യാറാക്കുന്നുവെന്ന രഹസ്യാന്വേഷണ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ ജാഗ്രതാ നിർദ്ദേശം.

സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്‌റൈൻ തുടങ്ങി നിരവധി രാജ്യങ്ങളിലെ യുഎസ് പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിമാന സർവീസുകൾ റദ്ദാക്കപ്പെടാനോ വ്യോമപാതകൾ അടയ്ക്കാനോ സാധ്യതയുണ്ടെന്നും, സംഘർഷത്തിന്റെ തീവ്രത അതിവേഗം വർദ്ധിച്ചേക്കാമെന്നും അതിനാൽ സജ്ജരായിരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

നവംബർ ഏഴിന് യുഎഇയിലെ യുഎസ് മിഷൻ പുറപ്പെടുവിച്ച പ്രത്യേക സുരക്ഷാ മുന്നറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യാത്രാ തടസ്സങ്ങൾ, വിമാന സർവീസുകൾ റദ്ദാക്കൽ, വ്യോമാതിർത്തി അടച്ചിടൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ പൗരന്മാർ മുൻകരുതലെടുക്കണമെന്നും ഏത് സാഹചര്യവും നേരിടാൻ സജ്ജരായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്‌റൈൻ തുടങ്ങി നിരവധി രാജ്യങ്ങളിലെ യുഎസ് പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇറാനെതിരെയുള്ള സൈനിക നടപടികൾ പുനരാരംഭിക്കുന്നതിനുള്ള പദ്ധതികൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം പരിശോധിച്ചു വരികയാണെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ട്രംപ് വ്യാഴാഴ്ച തന്റെ ഉന്നത ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി 'ആക്സിയോസ്' യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.

ഇറാൻ ഒരിക്കലും അണുവായുധം കൈവശം വെക്കില്ലെന്ന് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കുകയും, ഇറാനെ നേരിടുന്ന കാര്യത്തിൽ അമേരിക്കൻ തീരുമാനങ്ങൾ ഉടൻ ഉണ്ടാകുമെന്ന സൂചന നൽകുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക