Image

പെട്രോളിൽ 31% എഥനോൾ അടങ്ങിയെന്ന ആരോപണം തള്ളി എണ്ണക്കമ്പനികൾ

Published on 07 November, 2026
പെട്രോളിൽ 31% എഥനോൾ അടങ്ങിയെന്ന ആരോപണം തള്ളി എണ്ണക്കമ്പനികൾ

കർണാടകയിലെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി വിതരണം ചെയ്യുന്ന പെട്രോളിൽ അനുവദനീയമായതിൽ കൂടുതൽ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണം തള്ളി പൊതുമേഖലാ എണ്ണക്കമ്പനികൾ. നിയമപരമായ പരിശോധനാ നടപടിക്രമങ്ങൾ കാറ്റിൽപ്പറത്തിയാണ് കർണാടക സർക്കാർ ഇത്തരമൊരു നിഗമനത്തിൽ എത്തിയതെന്ന് എണ്ണക്കമ്പനികൾ ആരോപിച്ചു. ബെംഗളൂരു, മംഗളൂരു, കോലാർ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ 31.2 ശതമാനം വരെ എഥനോൾ കണ്ടെത്തിയെന്നും വിതരണ കമ്പനികൾക്കെതിരെ നടപടി വേണമെന്നും കർണാടക ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി റിസ്‌വാൻ അർഷാദ് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, കർണാടക ഉൾപ്പെടെ രാജ്യത്തുടനീളം വിതരണം ചെയ്യുന്ന ഇ20 പെട്രോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്ന് ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ എണ്ണക്കമ്പനികൾ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി. സംസ്ഥാന സർക്കാർ കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ സാമ്പിൾ ശേഖരണത്തിലും പരിശോധനാ രീതിയിലും കടുത്ത ആശങ്ക രേഖപ്പെടുത്തിയ കമ്പനികൾ ആരോപണങ്ങൾ പൂർണ്ണമായി നിഷേധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക