
ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ വ്യക്തിത്വവും പേരും ചിത്രവും ശബ്ദവും അനുമതിയില്ലാതെ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ഡൽഹി ഹൈക്കോടതി. അമിതാഭ് ബച്ചന്റെ പേരും ശബ്ദവും വ്യക്തിത്വവുമായി ബന്ധപ്പെട്ട മറ്റ് സവിശേഷതകളും അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് കോടതി ഉത്തരവിട്ടു.
മൊബൈൽ ആപ്പുകൾ, ഓൺലൈൻ വെബ്സൈറ്റുകൾ, പോസ്റ്റർ വിൽപന, ക്വിസ് പുസ്തകങ്ങൾ തുടങ്ങിയവയിലൂടെ തന്റെ വ്യക്തിത്വം അനധികൃതമായി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 2022ലാണ് അമിതാഭ് ബച്ചൻ കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച കേസിലാണ് ജസ്റ്റിസ് പുരുഷേന്ദ്ര കുമാർ കൗരവ് അന്തിമ വിധി പുറപ്പെടുവിച്ചത്.
അമിതാഭ് ബച്ചന്റെ വ്യക്തിത്വത്തിനും സ്വകാര്യതയ്ക്കുമുള്ള അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഒരാളുടെ പേരോ ചിത്രമോ ശബ്ദമോ മറ്റ് വ്യക്തിത്വ സവിശേഷതകളോ അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ മറ്റാർക്കും അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനോ ഒരു ഉൽപ്പന്നത്തിനോ സേവനത്തിനോ താരത്തിന്റെ അംഗീകാരമുണ്ടെന്ന വ്യാജപ്രതീതി സൃഷ്ടിക്കാനോ പൊതുപ്രവർത്തകരുടെ വ്യക്തിത്വം ദുരുപയോഗം ചെയ്യരുതെന്നും കോടതി വ്യക്തമാക്കി. കേസിൽ കൂടുതൽ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണെങ്കിൽ അമിതാഭ് ബച്ചൻ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു