Image

സ്റ്റീഫൻ മില്ലറെ ട്രംപ് ചീഫ് ഓഫ് സ്റ്റാഫാക്കി; ജനങ്ങളോടുള്ള പ്രതികാരമെന്നു ഡെമോക്രാറ്റുകൾ (പിപിഎം)

Published on 07 November, 2026
സ്റ്റീഫൻ മില്ലറെ ട്രംപ് ചീഫ് ഓഫ് സ്റ്റാഫാക്കി; ജനങ്ങളോടുള്ള പ്രതികാരമെന്നു ഡെമോക്രാറ്റുകൾ (പിപിഎം)

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ ദയനീയ പരാജയത്തിന്റെ പേരിൽ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വെയ്ൽസിനെ നീക്കം ചെയ്ത പ്രസിഡന്റ് ട്രംപ് ആ സ്ഥാനത്തേക്കു ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർക്കു (41) കയറ്റം നൽകി. വിവാദങ്ങൾ നിരന്തരം കത്തിക്കുന്ന മില്ലറുടെ സ്ഥാനക്കയറ്റം തിങ്കളാഴ്ച്ച നടപ്പിൽ വരുന്നതോടെ പ്രസിഡന്റിന്റെ ചുറ്റുമുള്ള സഹായികളുടെ വലയത്തിൽ തന്നെ പാടേ മാറ്റം വരുമെന്നു 'ന്യൂ യോർക്ക് ടൈംസ്' പറഞ്ഞു. കൂടുതൽ തീവ്രമായ നയങ്ങൾക്ക് അതു വഴി തുറക്കാം.  

കടുത്ത ട്രംപ് ഭക്തനായ മില്ലർ രണ്ടാം ഭരണത്തിൽ ഏറെ എതിർപ്പുണ്ടാക്കിയ പല നയങ്ങളുടെയും ശില്പിയാണെന്നത് രഹസ്യമല്ല. കുടിയേറ്റക്കാർക്കെതിരായ ഊർജിത വേട്ട അതിൽ ഒന്നു മാത്രം.

ഇറാൻ യുദ്ധം തിരിച്ചടി ആയതിനാൽ അതിനു അന്ത്യം കാണാൻ ട്രംപിന് ആഗ്രഹമുണ്ടെന്ന സൂചനയുണ്ട്. ഇക്കാര്യത്തിൽ മില്ലർ നൽകുന്ന ഉപദേശങ്ങൾ പ്രധാനമാവും.

ഡെമോക്രാറ്റുകളുമായി ഒത്തുപോകാം എന്നു തിരഞ്ഞെടുപ്പ് ഫലങ്ങൾ വന്നപ്പോൾ ട്രംപ് പറഞ്ഞെങ്കിലും മില്ലർ അതിനു സഹായിക്കാൻ സാധ്യതയില്ല. കൂടുതൽ പരുക്കനായി  കുടിയേറ്റ നയം നടപ്പാക്കാൻ ശ്രമമുണ്ടാവും.  

അപകടകാരിയായ വിദ്വേഷി

മില്ലറുടെ നിയമനത്തെ ഡെമോക്രാറ്റുകൾ ഉടൻ വിമർശിച്ചു. വിദേശയരോട് അപകടകരമായ വിദ്വേഷം വച്ചു പുലർത്തുന്നയാളാണ് അദ്ദേഹമെന്നു ജനുവരിയിൽ സ്‌പീക്കറാവാൻ സാധ്യതയുള്ള ഹൗസ് മൈനോറിറ്റി ലീഡർ ഹക്കീം ജെഫ്രിസ് പറഞ്ഞു. "പിരിച്ചു വിടേണ്ട ആളായിരുന്നു അയാൾ."  

തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്നു ട്രംപ് ഒരു പാഠവും പഠിച്ചില്ലെന്നാണ് ഈ നിയമനം കാണിക്കുന്നതെന്നു സെനറ്റ് മൈനോറിറ്റി ലീഡർ ചക് ഷൂമർ പറഞ്ഞു.

ട്രംപിന്റെ 2016 തിരഞ്ഞെടുപ്പു കാലം മുതൽ കൂടെയുള്ള മില്ലർ ആദ്യ ഭരണകാലം മുഴുവൻ വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നു. രണ്ടാം ഭരണത്തിൽ കൂടുതൽ കരുത്തു നേടി. തീവ്ര നയങ്ങളുടെ ശില്പിയെ വാഴിക്കുന്നതോടെ ട്രംപ് നൽകുന്ന സൂചന ഏറ്റുമുട്ടലിനു തയാറാണ് എന്നതാണ്.

വെയ്ൽസിനെ നീക്കം ചെയ്യുന്നത് എന്തു കൊണ്ടെന്നു ട്രംപ് വിശദീകരിച്ചില്ല. മില്ലർ തുടക്കം മുതലേ തന്റെ കൂടെ ഉണ്ടായിരുന്നു എന്നും ഏറ്റവും വിശ്വസ്തരിൽ ഒരാളാണെന്നും മാത്രം അദ്ദേഹം പറഞ്ഞു.

വിവാദമായ മില്ലറുടെ നയങ്ങളിൽ അമേരിക്കൻ യൂണിവേഴ്സിറ്റികൾക്കു നേരെയുള്ള ട്രംപിന്റെ കടന്നാക്രമണങ്ങളും മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവരുടെ മേൽ കൊണ്ടുവന്ന നിരോധനവും ഉൾപ്പെടുന്നു. ലഹരി കടത്തുകാർ എന്ന പേരിൽ ബോട്ടുകൾക്കു നേരെ ആക്രമണം നടത്തി നിരവധി പേരെ കൊന്നൊടുക്കിയതിന്റെ പിന്നിലും മില്ലറുണ്ട്. എല്ലാ അഭയാർഥി പ്രോഗ്രാമുകളും ഫലത്തിൽ അവസാനിപ്പിച്ചതും അദ്ദേഹത്തിന്റെ പ്രേരണയിൽ തന്നെ.

എന്നാൽ കൂട്ട നാടുകടത്തലാണ് മില്ലർ ട്രംപിനെ ഏറ്റവും സ്വാധീനിച്ച നയം. അതിന്റെ മേൽനോട്ടവും അദ്ദേഹത്തിനായിരുന്നു. യുഎസ് തെരുവുകളിൽ മുഖം മൂടിയ ഫെഡറൽ ഏജന്റുമാർ നടത്തിയ അതിക്രമങ്ങൾ ട്രംപിന് ഏറെ വിനയായി എന്നതാണ് സത്യം.

പ്രതികാര നടപടിയെന്നു ഖന്ന

ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ വോട്ട് ചെയ്ത ജനങ്ങളോടു പക വീട്ടുകയാണ് ഈ നിയമനത്തിലൂടെ ട്രംപ് ചെയ്‌തതെന്നു ഡെമോക്രാറ്റിക് റെപ്. റോ ഖന്ന ആരോപിച്ചു. "ഐസ് അടച്ചു പൂട്ടണമെന്നു ആവശ്യപ്പെട്ട മില്യൺ കണക്കിനു ലാറ്റിനോകളോടു പക വീട്ടുകയാണ് ട്രംപ്."

പക്ഷെ യുഎസ് കോൺഗ്രസ് മില്ലറെ കർശനമായി നേരിടുമെന്നു ഖന്ന പറഞ്ഞു.

ജനങ്ങൾ നൽകിയ വിധിയെ അപമാനിക്കുന്ന നിയമനമാണിതെന്നു കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം പറഞ്ഞു. "ഇയാളൊരു അപകടകാരിയായ തീവ്രവാദിയാണ്. ഓവൽ ഓഫിസിൽ നുഴഞ്ഞു കയറിയിട്ടുള്ളവരിൽ ഏറ്റവും നീചമായ ഒരാളെയാണ് ട്രംപ് ഉയർത്തിയത്."

മില്ലർ തിങ്കളാഴ്ച്ച ചുമതലയേൽക്കും.

Trump's elevation of Stephen Miller draws flak 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക