Image

എസ്ഐആറിൽ ഒഴിവാക്കിയവർക്ക് പേര് ചേർക്കാൻ ഒരവസരം കൂടി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published on 06 November, 2026
എസ്ഐആറിൽ ഒഴിവാക്കിയവർക്ക് പേര് ചേർക്കാൻ ഒരവസരം കൂടി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: എസ്ഐആർ നടപടികളുടെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട, ഏഴ് സംസ്ഥാനങ്ങളിലെ വോട്ടർമാർക്ക് പേര് ചേർക്കാൻ വീണ്ടും അവസരം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഒഴിവാക്കിയ വോട്ടർമാർക്ക് എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകാൻ ഒരവസരം കൂടി നൽകാനാണ് നിർദേശം.

മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രാപ്രദേശ്, ഝാർഖണ്ഡ്, തെലങ്കാന, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം. എസ്ഐആർ പ്രക്രിയയെത്തുടർന്ന്, ആബ്സെന്റ്, ഷിഫ്റ്റഡ്, ഡെഡ്, ഡ്യൂപ്ലിക്കേറ്റ് (എഎസ്ഡിഡി) ആയി രേഖപ്പെടുത്തി ഒഴിവാക്കിയവർക്കാണ് പേരു ചേർക്കാൻ പുതിയ അവസരം നൽകിയിട്ടുള്ളത്.

പട്ടികയിൽ ഉൾപ്പെടാതെ പോയവരെ ചേർക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, അത്തരം വോട്ടർമാരുടെ പേരുകൾ അടങ്ങിയ ബൂത്ത് തിരിച്ചുള്ള പട്ടികകളും, അവർ ഒഴിവാക്കപ്പെടാനുണ്ടായ കാരണങ്ങളും പോളിംഗ് സ്റ്റേഷനുകളിലും നിശ്ചിത തദ്ദേശ സ്വയംഭരണ സ്ഥാപന ഓഫീസുകളിലും പ്രദർശിപ്പിക്കും. ഈ പട്ടികകൾ ബന്ധപ്പെട്ട ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ വെബ്‌സൈറ്റുകളിലും ലഭ്യമാക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക