
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇത് ആശങ്കപ്പെടുത്തുന്നതാണ്. ജുവനൈല്‍ നിയമങ്ങള്‍ സൗകര്യപൂര്‍വം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ജുവനൈല്‍ ആക്ട് 2000 ല്‍ പാസ്സാക്കി. തുടര്‍ന്ന് നിരവധി ഭേദഗതികള്‍ ഉണ്ടായി. 2016ലെ ഭേദഗതിക്ക് ശേഷം റൂള്‍ വരികയുണ്ടായി. ഇന്ന് 18 വയസ്സില്‍ താഴെയുള്ള, ജുവനൈല്‍ ആയ കുട്ടികള്‍ ഇതിന്റെ സൗകര്യം ഉപയോഗിച്ച് അക്രമങ്ങളും കൊലപാതകങ്ങളും ഉള്‍പ്പെടെ നടത്തുന്നുവെന്ന് ആഭ്യന്തരവകുപ്പിന് പരാതി ലഭിക്കുന്നുണ്ട്. 2016 ലെ റൂള്‍ പ്രകാരം ക്രൂരമായ കുറ്റകൃത്യം നടത്തുന്നതിന് 7 വര്‍ഷത്തെ കഠിന തടവാണ് ലഭിക്കുക. മനപൂര്‍വമല്ലാത്ത നവരഹത്യയെങ്കില്‍ 5 വര്‍ഷമാണ്. 7 വര്‍ഷത്തെ തടവു ലഭിക്കുന്ന കേസിലാണ് ജാമ്യമില്ലാത്ത നടപടിയുണ്ടാകുന്നത്.
ചേരാനെല്ലൂരില്‍ ഉണ്ടായത് മനപൂര്‍വമല്ലാത്ത നരഹത്യയെന്ന് വ്യാഖ്യാനിച്ചുകൊണ്ടാണ് പ്രായപൂര്‍ത്തിയാകാത്ത ആ പ്രതിക്ക് കോടതി ജാമ്യം കൊടുത്തത്. തിരുവനന്തപുരത്ത് നടന്ന കൊലപാതകം ഞെട്ടിപ്പിക്കുന്നതാണ്. ജുവനൈല്‍ ആയതുകൊണ്ട് രക്ഷപ്പെടാന്‍ കഴിയുമെന്ന് പ്രതികള്‍ പറയുന്നുമുണ്ട്. ഇന്ന് കുട്ടികള്‍ പ്രതിയാകുന്ന കുറ്റകൃത്യങ്ങള്‍ പെരുകി വരികയാണ്. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ആരെയും ആക്രമിക്കാനോ കൊല്ലാനോ കഴിയുന്ന ഒരു അവസ്ഥയിലേക്ക് വരികയാണ്. അതു വളരെ ഗൗരവമായി കണക്കാക്കേണ്ട കാര്യമാണ്.
സാമൂഹിക സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ ജുവനൈല്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരികയും, മദ്യപിച്ച് വാഹനം ഓടിക്കുന്ന സംഭവങ്ങളും കൂടുന്നത് കണക്കിലെടുത്ത് ജുവനൈല്‍ ആക്ടില്‍ ഭേദഗതി വേണ്ടി വരുന്നു എന്നുള്ള ചിന്ത സമൂഹത്തിലുണ്ട്. ജുവനൈല്‍ ആക്ട് കേന്ദ്രനിയമമാണ് എന്നതാണ് സര്‍ക്കാരിന് മുന്നിലെ പ്രതിസന്ധി. കുറ്റവാളികള്‍ ആരായാലും രക്ഷപ്പെടാന്‍ പാടില്ല എന്നതാണ് വ്യക്തിപരമായ അഭിപ്രായം. ഈ വിഷയത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ജുവനൈല്‍ നിയമത്തിലെ ഭേദഗതിയുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.