Image

നിയന്ത്രണങ്ങൾക്ക് വിരാമം; ഡൽഹിയിലെ ജന്തർ മന്തർ റോഡ് വീണ്ടും തുറന്നു

Published on 06 November, 2026
നിയന്ത്രണങ്ങൾക്ക് വിരാമം; ഡൽഹിയിലെ ജന്തർ മന്തർ റോഡ് വീണ്ടും തുറന്നു

മാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ ഡൽഹിയിലെ ജന്തർ മന്തർ റോഡ് വീണ്ടും തുറന്നു. ബാരിക്കേഡുകൾ നീക്കിയതോടെ പ്രദേശത്തെ ഗതാഗതവും വ്യാപാരവും സാധാരണ നിലയിലേക്ക് മടങ്ങി. നിയന്ത്രണങ്ങൾ നീക്കിയെങ്കിലും പ്രദേശത്ത് കനത്ത പൊലീസ് വിന്യാസം തുടരുകയാണ്.

ഡൽഹിയിലെ പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു ജന്തർ മന്തർ. പതിനേഴു ദിവസം നീണ്ട സിജെപി സമരത്തോടെയാണ് മേഖല ദേശീയ ശ്രദ്ധ നേടിയത്. പ്രതിഷേധത്തിന്റെ ഭാഗമായി റോഡിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിച്ചിരുന്നു. ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതിഷേധക്കാർ പിരിഞ്ഞുപോയതോടെ ജന്തർ മന്തറിലേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞു. റോഡിന്റെ വിവിധ ഭാഗങ്ങളിൽ മൂന്നടി ഉയരമുള്ള ബാരിക്കേഡുകളും സ്ഥാപിച്ചു. സുരക്ഷാ നിയന്ത്രണങ്ങളുടെ ചുമതല ഡൽഹി പൊലീസ് കേന്ദ്രസേനയ്ക്ക് കൈമാറുകയും ചെയ്തു.

ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ കേന്ദ്രങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടിക്കെതിരെയും വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്തേക്ക് പ്രവേശിക്കാൻ പലരും ശ്രമിച്ചതോടെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി. ഒന്നര മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബാരിക്കേഡുകൾ നീക്കി റോഡ് വീണ്ടും ഗതാഗതത്തിനായി തുറന്നുനൽകിയത്.

രാവിലെ ആറുമണിയോടെ ബാരിക്കേഡുകൾ നീക്കിയെങ്കിലും ഉച്ചയോടെ വീണ്ടും സ്ഥാപിച്ചു. ഇതോടെ ഗതാഗതം ഒരു വശത്തുകൂടി മാത്രമാക്കി. പൊലീസ് നിരീക്ഷണവും ശക്തമായി തുടരുകയാണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക