Image

ഡ്രൈവർമാർ റോഡിലെ കാലന്മാർ, കില്ലിങ് മെഷീനുകൾ പോലെയാണ് ചില വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് ; കാക്കനാട് ദുരന്തത്തിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Published on 06 November, 2026
ഡ്രൈവർമാർ റോഡിലെ കാലന്മാർ, കില്ലിങ് മെഷീനുകൾ പോലെയാണ് ചില വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് ; കാക്കനാട് ദുരന്തത്തിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: കാക്കനാട് സ്വകാര്യ ബസ് തട്ടി  ഐടി ജീവനക്കാരി  മരിച്ച സംഭവത്തിൽ രൂക്ഷമായ ഭാഷയിൽ പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും വിമർശിച്ച് ഹൈക്കോടതി. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കോടതിമുറിയിൽ പരിശോധിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, സഹിക്കാൻ പറ്റാത്ത ദൃശ്യങ്ങളാണ് കണ്ടതെന്നും റോഡിൽ പെൺകുട്ടിക്ക് കൂടുതൽ നീങ്ങി നടക്കാൻ പോലും സ്ഥലമുണ്ടായിരുന്നില്ലെന്നും കുറ്റപ്പെടുത്തി. 

ഫുട്പാത്ത് ഇല്ലാത്ത റോഡുകളിലൂടെ ഇറങ്ങി നടക്കുന്നവർ വീടുകളിൽ തിരികെ എത്തുമെന്ന് എന്ത് ഗ്യാരണ്ടിയാണുള്ളത്? കില്ലിങ് മെഷീനുകൾ പോലെയാണ് ചില വാഹനങ്ങൾ നിരത്തിലിറങ്ങുന്നത്,   കോടതി രോഷം പ്രകടിപ്പിച്ചു.

നാടിനെ നടുക്കിയ ഈ സംഭവത്തിൽ രാജ്യത്തെ ഭരണ-നിയമ സംവിധാനങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. “ആ പെൺകുട്ടിയുടെ കുടുംബത്തോട് നമുക്ക് എന്ത് പറയാൻ കഴിയും? എത്രതവണ മാപ്പ് പറയും? ഈ സിസ്റ്റത്തിന് വേണ്ടി കോടതി മാപ്പ് ചോദിക്കുന്നു. ആ കുടുംബത്തിന്റെ സങ്കടത്തിനൊപ്പം കോടതിയുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. 

കാക്കനാട്ട് അപകടത്തിലെ  ബസ് ഡ്രൈവർ എട്ടു ക്രിമിനൽ കേസുകളിലെ പ്രതിയെന്നത് ഞെട്ടിക്കുന്നുവെന്ന്  കോടതി പറഞ്ഞു . അപകടമുണ്ടാക്കുന്ന സ്വകാര്യ ബസ് ഡ്രൈവർമാർ റോഡുകളിലെ തമ്പുരാക്കന്മാരല്ല, കാലന്മാരാണെന്നും കോടതി അഭിപ്രായപ്പെട്ടു. 

ചൊവ്വാഴ്ചയാണ് കാക്കനാട് ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി അക്ഷര (28) ബസിടിച്ച് ദാരുണമായി കൊല്ലപ്പെട്ടത്. അപകടമുണ്ടാക്കിയ ‘മലയിൽ’ എന്ന ബസിന്റെ ഡ്രൈവർ സി.െക.ബിനോയി (43) ലഹരി, അടിപിടിക്കേസുകളിൽ അടക്കം പ്രതിയാണ്. ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. അപകടമുണ്ടാക്കിയ സമയത്ത്, ബിനോയിയുടെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി ബസ് ഉടമ അപേക്ഷിച്ചിരുന്നു എന്ന കാര്യവും പുറത്തുവന്നു. ബിനോയി ഇത്രയധികം കേസുകളിൽ പ്രതിയാണെന്നത് ബസ് ഉടമ മറച്ചുവച്ചെന്ന് പൊലീസ് ഇന്ന് കോടതിയെ അറിയിച്ചു.

ഡ്രൈവർമാർ റോഡിലെ കാലന്മാരായി മാറുകയാണ്. കോടതി ഉത്തരവുകൾ വരുമ്പോൾ തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ ആക്രമണം നടക്കാറുണ്ടെന്നും എന്നാൽ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക