
കൊച്ചി; പെരുമ്പാവൂരിലെ അസം സ്വദേശിയായ മൂന്ന് വയസ്സുകാരന്റെ മരണത്തില്‍ രണ്ടാനച്ഛനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് അസം ബോര്‍ബില സ്വദേശി മഹേശ്വര്‍ ചുഡിയയെ (27) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.കുട്ടിയുടെ തലയില്‍ കണ്ടെത്തിയ മുറിവ് ഭിത്തിയില്‍ ശക്തമായി ഇടിപ്പിച്ചപ്പോള്‍ ഉണ്ടായതാണെന്നും ഇതാണ് മരണ കാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കെട്ടിടത്തില്‍ നിന്ന് വീണുണ്ടായ മുറിവല്ല ഇതെന്നാണ് വിവരം. കുട്ടിയെ രണ്ടാനച്ഛന്‍ മൊഹേശ്വര്‍ നിരന്തരം മര്‍ദിച്ചിരുന്നുവെന്ന് മാതാവും പരിസരവാസികളും പോലീസിന് മൊഴി നല്‍കിയിട്ടുമുണ്ട്. ഇതോടെയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്.
ഇന്നലെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചത്. കുഞ്ഞ് കെട്ടിടത്തില്‍ നിന്ന് വീണാണ് മരിച്ചതെന്നാണ് രണ്ടാനച്ഛന്‍ പൊലീസിനോട് പറഞ്ഞിരുന്നത്. രണ്ടാനച്ഛനെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ചേലാമറ്റം വല്ലം ഭാഗത്താണ് ഇയാള്‍ കുടുംബസമേതം വാടകയ്ക്ക് താമസിച്ചിരുന്നത്. കുട്ടി ഒന്നാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് മഹേശ്വര്‍ ആദ്യം ആശുപത്രി അധികൃതരോടും പൊലീസിനോടും പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ ശരീരത്തിലുടനീളം ക്രൂരമായ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.
കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തതാണ് മരണത്തിന് കാരണമായത്. മര്‍ദ്ദനമേറ്റ് അവശനിലയിലായ കുട്ടിയെ ആദ്യഘട്ടത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ഇയാള്‍ സമ്മതിച്ചിരുന്നില്ല. ബുധനാഴ്ച ദിവസം മുഴുവന്‍ കുട്ടിയെ പുറത്ത് ആരും കണ്ടിരുന്നില്ലെന്ന് അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് ഇയാള്‍ കുട്ടിയെ തോളിലിട്ട് വീട്ടുപരിസരത്തുനിന്ന് പോയത്. വഴിയില്‍ കണ്ടവരോട് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നു എന്ന് മാത്രമാണ് പറഞ്ഞിരുന്നത്.
കുട്ടിയുടെ രണ്ട് കവിളുകളിലും നെറ്റിയിലും രക്തം കട്ടപിടിച്ച വലിയ പാടുകള്‍ ഉണ്ടായിരുന്നു. മുന്‍പും ഇയാള്‍ കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുകയും നിലത്തേക്ക് എടുത്തെറിയുകയും ചെയ്തതായി പ്രദേശവാസികള്‍ വെളിപ്പെടുത്തി. സംഭവത്തെത്തുടര്‍ന്ന് റൂറല്‍ പോലീസ് സംഘം പ്രതിയുടെ താമസസ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകള്‍ നടത്തി. കെട്ടിട ഉടമയില്‍ നിന്നും സമീപവാസികളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു.
ശാസ്ത്രീയമായ പരിശോധനകളിലൂടെയാണ് മരണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്ന് സ്ഥലം സന്ദര്‍ശിച്ച റൂറല്‍ എസ്.പി. വ്യക്തമാക്കി. എറണാകുളം ജില്ലാ പോലീസ് മേധാവി കെ. എസ്. സുദര്‍ശന്‍റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.