
ഇന്ത്യയിൽ വിദ്യാർഥികൾ നയിക്കുന്ന അഴിമതി വിരുദ്ധ സമരത്തെ യുഎസ് കോൺഗ്രസിലെ ഇന്ത്യൻ അമേരിക്കൻ അംഗം റെപ്. റോ ഖന്ന പിന്തുണച്ചു. ഹിന്ദു ദേശീയ വാദത്തെ അദ്ദേഹം അപലപിക്കയും ചെയ്തു.
2028ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഖന്ന ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്കിടയിൽ എക്‌സിൽ ഗൗരവ് സബ്‌നിസ് എന്നയാളാണ് 'ഹിന്ദുത്വവാദിയായ' ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചു ചോദിച്ചത്. "താങ്കൾ പുരോഗമനവാദി ആണെന്നു പറയുന്നെങ്കിലും ഇന്ത്യയിൽ മോദി ഭരണം ചെയ്യുന്ന കാര്യങ്ങളെ കുറിച്ചു മിണ്ടുന്നില്ല. രാഷ്ട്രീയ തടവുകാർ മുതൽ ന്യൂനപക്ഷങ്ങളുടെ വോട്ടവകാശം തട്ടിയെടുക്കുന്നതു വരെയുള്ള വിഷയങ്ങളുണ്ട്."
ഖന്ന പ്രതികരിച്ചു: "ഞാൻ ഹിന്ദു ദേശീയ വാദത്തെ അസന്നിഗ്ധമായി അപലപിച്ചിട്ടുണ്ട്. അഴിമതിക്കെതിരെയും വിവേചനത്തിനെതിരെയും തെരുവിൽ പൊരുതുന്ന വിദ്യാർഥികളെ ഞാൻ പിന്തുണച്ചിട്ടുണ്ട്.
"എന്റെ പിതാമഹൻ ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിരുന്നു. ഗാന്ധിയുടെയും നെഹ്രുവിന്റേയും നാനാത്വത്തിൽ ഞാൻ വിശ്വസിക്കുന്നുമുണ്ട്."
'പൊളിറ്റിക്കോ' റിപ്പോർട്ട് അനുസരിച്ചു ഖന്നയുടെ സുഹൃത്തുക്കൾ അദ്ദേഹത്തെ 2028 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ഡെമോക്രാറ്റിക് റെപ്. ജോൺ ബൗമാൻ ആണ് അതിനു നേതൃത്വം നൽകുന്നത്. എന്നാൽ ഇക്കാര്യം കുടുംബവുമായി വിശദമായി ചർച്ച ചെയ്യേണ്ടതുണ്ടെന്നു ഖന്ന പറയുന്നു.
Ro Khanna backs student protests, condemns 'Hindu nationalism'