Image

ജീവനൊടുക്കാൻ പുഴയിൽ ചാടിയ യുവതിയെ ആക്രമിച്ച് മുതല! നിലവിളി കേട്ടെത്തിയ നാട്ടുകാർ രക്ഷകരായി

Published on 06 November, 2026
 ജീവനൊടുക്കാൻ പുഴയിൽ ചാടിയ യുവതിയെ ആക്രമിച്ച് മുതല! നിലവിളി കേട്ടെത്തിയ നാട്ടുകാർ രക്ഷകരായി

കുടുംബപ്രശ്നത്തെ തുടർന്ന് ജീവനൊടുക്കാൻ   പുഴയിലേക്ക് ചാടിയ യുവതിയെ മുതല ആക്രമിച്ചു. പുഴയിൽ വീണതിന് പിന്നാലെ മുതലയുടെ ആക്രമണത്തിനിരയായ യുവതിയെ നിലവിളി കേട്ടെത്തിയ പരിസരവാസികൾ സാഹസികമായി രക്ഷപ്പെടുത്തി. കർണാടകയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള കുമാരധാര പുഴയിലാണ് സംഭവം. രാത്രി ഉഡുപ്പി സ്വദേശിയായ യുവതി പുഴയ്ക്ക് കുറുകെയുള്ള പാലത്തിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു.

പുഴയിൽ വീണതിന് പിന്നാലെ മുതല യുവതിയെ ആക്രമിച്ചു. മുഖത്തും കൈകളിലും കടിയേറ്റ യുവതി സഹായത്തിനായി നിലവിളിച്ചതോടെ സമീപത്തെ ലോഡ്ജിൽനിന്നും പുഴക്കരയിലെ വീടുകളിൽനിന്നും ആളുകൾ ഓടിയെത്തി. ഇവർ ചേർന്നാണ് യുവതിയെ മുതലയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുത്തിയത്. വിവരമറിഞ്ഞെത്തിയ സുബ്രഹ്മണ്യ പോലീസ് യുവതിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി.

കുടുംബപ്രശ്നങ്ങളെ തുടർന്ന് ഉഡുപ്പിയിലെ വീട്ടിൽനിന്ന് ഇറങ്ങിപ്പോന്നതാണെന്നും കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കഴിയാനാണ് എത്തിയതെന്നും യുവതി പോലീസിന് മൊഴി നൽകി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ അസ്വസ്ഥത പ്രകടിപ്പിച്ച യുവതിക്ക് കൗൺസലിങ് നൽകി. തുടർന്ന് ബന്ധുക്കളെ വിവരമറിയിച്ച് ആശുപത്രിയിലെത്തിക്കുകയും യുവതിയെ അവർക്കൊപ്പം വിട്ടയക്കുകയും ചെയ്തു. സമയോചിതമായി ഇടപെട്ട പരിസരവാസികളുടെ ഇടപെടലാണ് മുതലയുടെ ആക്രമണത്തിനിരയായ യുവതിയുടെ ജീവൻ രക്ഷിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക