
വാഷിംഗ്ടൺ ഡി.സി.: യുഎസ് ജസ്റ്റീസ് ഡിപ്പാർട്ട്മെന്റിൽ സിവിൽ റൈറ്റ്സ് ഡിവിഷൻ മേധാവിയും അസിസ്റ്റന്റ് അറ്റോർണി ജനറലുമായ ഇന്ത്യൻ വംശജ ഹർമീത് ധില്ലൺ രാജി വച്ചു. നവംബർ അഞ്ചിന് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചാണ് രാജി സ്ഥിരീകരിച്ചത്.
നവംബർ മൂന്നിന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം തിരിച്ചുപിടിച്ചതിനു പിന്നാലെയാണ് രാജിവാർത്ത.
2025 ഏപ്രിലിൽ ചുമതലയേറ്റ ധില്ലൻ സിവിൽ റൈറ്റ്സ് വിഭാഗത്തിൽ വ്യാപകമായ മാറ്റങ്ങൾ നടപ്പാക്കിയിരുന്നു. സർവകലാശാലകളിലെ വിവേചനാരോപണങ്ങൾ, യഹൂദവിരുദ്ധ പ്രവർത്തനങ്ങൾ, മതസ്വാതന്ത്ര്യം, വോട്ടർ പട്ടികകളുടെ പരിശോധന, തോക്ക് കൈവശം വയ്ക്കാനുള്ള ഭരണഘടനാപരമായ അവകാശം തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണങ്ങൾക്കും നിയമനടപടികൾക്കും അവർ നേതൃത്വം നൽകി.
എന്നാൽ പരമ്പരാഗത പൗരാവകാശ സംരക്ഷണ പ്രവർത്തനങ്ങളിൽനിന്ന് രാഷ്ട്രീയ മുൻഗണനകളിലേക്ക് മാറ്റിയെന്ന വിമർശനവും ഉയർന്നിരുന്നു. നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ജീവനക്കാരും വകുപ്പിൽനിന്ന് പിരിഞ്ഞുപോയതും വിവാദമായി.
രാജി തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്നുള്ള തീരുമാനമല്ലെന്നും ഒക്ടോബറിൽത്തന്നെ സ്ഥാനമൊഴിയാനുള്ള തീരുമാനം വൈറ്റ് ഹൗസിനെ അറിയിച്ചിരുന്നുവെന്നും അഭിഭാഷകയായി തുടരുമെന്നും അവർ അറിയിച്ചു.
പൗരസ്വാതന്ത്ര്യ സംരക്ഷണത്തിനും നിയമനടപടികൾക്കും ധില്ലൺ നൽകിയ സംഭാവനകളെ അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് പ്രശംസിച്ചു.
അവരുടെ ഭരണകാലം ഓഫിസിൽ അസ്വസ്ഥതകൾക്കും പ്രക്ഷുബ്ധതകൾക്കും സാക്ഷ്യം വഹിച്ചു.
ഓഫീസിലെ ലിബറൽ അഭിഭാഷകരെ ഒഴിവാക്കിയ നടപടിയെ, യു.എസ്. നീതിന്യായ വകുപ്പിന്റെ (DOJ) ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉദ്യോഗസ്ഥ ശുദ്ധീകരണം" (personnel self-purge) എന്ന് വിശേഷിപ്പിച്ച അവർ, ഇതിൽ തനിക്ക് അഭിമാനമുണ്ടെന്ന് വ്യക്തമാക്കി.
അവർ ചുമതലയേറ്റതിന് പിന്നാലെ, ഭരണകൂടവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ മൂലമോ, അല്ലെങ്കിൽ 'ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി' (DOGE) വാഗ്ദാനം ചെയ്ത സാമ്പത്തിക ആനുകൂല്യങ്ങൾ സ്വീകരിച്ചുകൊണ്ടോ, നീതിന്യായ വകുപ്പിന്റെ സിവിൽ റൈറ്റ്സ് വിഭാഗത്തിലെ ഏകദേശം 70 ശതമാനത്തോളം ജീവനക്കാർ ജോലിവിട്ടു .
'അവർക്ക് ഇതൊരു ഞെട്ടലായിരുന്നു, അവർ യാഥാർത്ഥ്യം അംഗീകരിക്കാൻ വിസമ്മതിച്ചു. അവർ ഒത്തുചേർന്ന് കരയുന്ന കാഴ്ചകളുണ്ടായിരുന്നു," ധില്ലൻ പറഞ്ഞു.