
വാഷിങ്ടൺ: പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പദവിയിൽനിന്ന് പുറത്താക്കി 15 മാസങ്ങൾക്ക് ശേഷം, അമേരിക്കൻ കോൺഗ്രസിലേക്ക് വൻ തിരിച്ചുവരവിനൊരുങ്ങി മുൻ നേവി റിസർവ് മേധാവി നാൻസി ലാകോർ. സൗത്ത് കരോലിനയിലെ റിപ്പബ്ലിക്കൻ ശക്തികേന്ദ്രത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിച്ച ഇവർ, 3,308 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം പ്രഖ്യാപിച്ചത്.
35 വർഷത്തെ സേവനപാരമ്പര്യമുള്ള ത്രീ-സ്റ്റാർ വൈസ് അഡ്മിറലായ ലാകോറിനെ 2025 ഓഗസ്റ്റിലാണ് വ്യക്തമായ കാരണം വെളിപ്പെടുത്താതെ പ്രതിരോധ സെക്രട്ടറി പുറത്താക്കിയത്. എന്നാൽ ഇതിൽ തളരാതെ രാഷ്ട്രീയത്തിലിറങ്ങിയ ഇവർ, ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്നതോടെ പ്രതിരോധ വകുപ്പിന്റെ നയങ്ങളും ചെലവുകളും പരിശോധിക്കാൻ ഭരണഘടനാപരമായ അധികാരമുള്ള കോൺഗ്രസ് അംഗമായി മാറും.
ഒരിക്കൽ തന്നെ സ്ഥാനത്തുനിന്ന് നീക്കിയ പ്രതിരോധ സെക്രട്ടറിയോട് ഔദ്യോഗികമായി വിശദീകരണം ചോദിക്കാൻ തക്ക അധികാരമുള്ള ജനപ്രതിനിധിയായുള്ള ലാകോറിന്റെ ഈ തിരിച്ചുവരവ് അമേരിക്കൻ രാഷ്ട്രീയത്തിൽ വൻ ശ്രദ്ധ നേടുകയാണ്.
2025 ഓഗസ്റ്റ് 22-നാണ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നാൻസി ലാകോറിനെ നേവി റിസർവ് മേധാവിസ്ഥാനത്തുനിന്ന് നീക്കിയത്. പുറത്താക്കലിന് വ്യക്തമായ കാരണം പരസ്യമായി നൽകിയിരുന്നില്ല. തനിക്കെതിരെ യാതൊരു കുറ്റവും ചുമത്താതെയാണ് പുറത്താക്കിയതെന്ന് ലാകോർ പിന്നീട് വ്യക്തമാക്കിയിരുന്നു.
അമേരിക്കൻ നാവികസേനയിൽ 35 വർഷത്തെ സേവനപാരമ്പര്യമുള്ള ലാകോർ ഹെലികോപ്റ്റർ പൈലറ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ത്രീ-സ്റ്റാർ വൈസ് അഡ്മിറൽ പദവിയിലെത്തിയ അവർ അറുപതിനായിരത്തോളം നേവി റിസർവ് സൈനികരുടെ നേതൃത്വവും വഹിച്ചു.
ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് ഉന്നത സൈനിക ഉദ്യോഗസ്ഥരെ മാറ്റുന്ന നടപടികളുടെ ഭാഗമായിരുന്നു ലാകോറിന്റെ പുറത്താക്കലും. എന്നാൽ അവരുടെ പുറത്താക്കലിന് ലിംഗവിവേചനമോ മറ്റേതെങ്കിലും പ്രത്യേക കാരണമോ ഉണ്ടായിരുന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
സൈനികജീവിതം അപ്രതീക്ഷിതമായി അവസാനിച്ചെങ്കിലും 2026 ജനുവരി 20-ന് സൗത്ത് കരോലിനയിലെ ഒന്നാം കോൺഗ്രസ് മണ്ഡലത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് അവർ പ്രഖ്യാപിച്ചു.
നവംബർ മൂന്നിന് നടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ജെന്നി കോസ്റ്റ ഹണികട്ടിനെതിരെ ലാകോർ അപ്രതീക്ഷിത മുന്നേറ്റം നടത്തി. ലഭ്യമായ അനൗദ്യോഗിക ഫലമനുസരിച്ച് ലാകോറിന് 161,878 വോട്ടുകളും ഹണികട്ടിന് 158,570 വോട്ടുകളുമാണ് ലഭിച്ചത്. 3,308 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ലാകോർ വിജയം പ്രഖ്യാപിച്ചു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.
ലാകോറിന്റെ വിജയം സ്ഥിരീകരിക്കപ്പെട്ടാൽ അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ ഒരു അധികാരമാറ്റത്തിനാകും അത് വഴിയൊരുക്കുക. .