Image

അഭിരാമിന്റെ കൊലപാതകം: പ്രതിയുടെ സുഹൃത്തായ മറ്റൊരു പെൺകുട്ടിയും കസ്റ്റഡിയിൽ

Published on 05 November, 2026
അഭിരാമിന്റെ കൊലപാതകം: പ്രതിയുടെ സുഹൃത്തായ മറ്റൊരു പെൺകുട്ടിയും കസ്റ്റഡിയിൽ

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥി അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പെൺകുട്ടികൂടി പിടിയിലായതായി റിപ്പോർട്ട്. കേസിലെ രണ്ടാം പ്രതിയായ ഉമർ മുഫ്തറിന്റെ പെൺസുഹൃത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നുവെന്നും തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നുവെന്നുമാണ് പൊലീസിന്റെ നിഗമനം.

ചോദ്യം ചെയ്യലിൽ മറ്റൊരാൾക്ക് കൂടി പങ്കുണ്ടെന്ന് ഉമർ മുഫ്തർ പൊലീസിനൊട് സമ്മതിക്കുകയായിരുന്നു എന്നാണ് വിവരം. ആക്കുളം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയെയാണ് കസ്റ്റഡിയിലെടുത്തതെന്ന് മനോരമ ന്യൂസ് റിപ്പോർട്ടു ചെയ്തു. കൊലപാതകത്തിന് മുമ്പും ശേഷവും ഉമർ വിവരങ്ങളെല്ലാം യുവതിയോട് പങ്കുവെച്ചിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 

അതേസമയം, കേസിൽ അറസ്റ്റിലായ പതിനേഴുകാരൻ, ഉമർ മുസ്താർ, മണക്കാട് സ്വദേശിനി ആനന്ദ എന്നിവരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. ക്രമസമാധാന ചുമതലയുള്ള ഡി.സി.പി.യുടെ മേൽനോട്ടത്തിൽ കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസിൽ എല്ലാ പഴുതുകളുമടച്ചുള്ള അന്വേഷണം നടത്തുന്നത്.

ഞായറാഴ്ച വൈകിട്ട് ഒരു മണിക്കൂറിലേറെ നീണ്ട മർദ്ദനത്തിന് ശേഷമാണ് അഭിരാമിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. മർദ്ദിച്ച ശേഷം പ്രതികൾ കൈകൊണ്ടും ബെൽറ്റ് ഉപയോഗിച്ചും കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. തിങ്കളാഴ്ച വൈകിട്ടാണ് പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് അഭിരാമിന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക