
ഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും കെട്ടിട ദുരന്തം. ചൗരി ബസാറിൽ നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച (നവംബർ 5) രാവിലെ 9.50-ഓടെ ചൗരി ബസാർ മെട്രോ സ്റ്റേഷന് സമീപമുള്ള ഗലി സിതാരയിലാണ് ദാരുണമായ സംഭവം നടന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.
അപകടവിവരമറിഞ്ഞ ഉടൻ തന്നെ ആറ് ഫയർഫോഴ്‌സ് യൂണിറ്റുകളും വാട്ടർ ടെൻഡറുകളും രക്ഷാപ്രവർത്തന വാഹനങ്ങളും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. മുതിർന്ന പൊലീസ്-ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി നിർമാണം നടന്നുവരുന്ന കെട്ടിടത്തിൽ ആരും താമസിച്ചിരുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. അപകടസമയത്ത് നിർമാണത്തൊഴിലാളികൾ മാത്രമാണ് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നത്. കെട്ടിടം തകരാനുണ്ടായ വ്യക്തമായ കാരണം ഇതുവരെ ലഭ്യമായിട്ടില്ല. കെട്ടിടാവശിഷ്ടങ്ങൾ പൂർണമായി നീക്കം ചെയ്ത ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.