
ഒക്ലഹോമ സിറ്റി: ഒക്ലഹോമ സംസ്ഥാന പ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ചരിത്ര വിജയം. അഞ്ച് നിലവിലെ റിപ്പബ്ലിക്കന്‍ ജനപ്രതിനിധികളെ പരാജയപ്പെടുത്തിയ ഡെമോക്രാറ്റുകള്‍, ആകെ ആറ് പുതിയ സീറ്റുകള്‍ പിടിച്ചെടുത്ത് കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച മുന്നേറ്റം കാഴ്ചവെച്ചു.
സംസ്ഥാന തലത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മേധാവിത്വം നിലനിര്‍ത്തിയെങ്കിലും, ഹൗസില്‍ സീറ്റുകളുടെ എണ്ണം 26 ആയി ഉയര്‍ത്താന്‍ ഡെമോക്രാറ്റുകള്‍ക്ക് കഴിഞ്ഞു. 75 സീറ്റുകളോടെ റിപ്പബ്ലിക്കന്‍മാര്‍ സൂപ്പര്‍ ഭൂരിപക്ഷം നിലനിര്‍ത്തിയെങ്കിലും, വിറ്റോ അധികാരം മറികടക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളില്‍ ജനപ്രതിനിധി സഭയില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ പുതിയ വിജയം സഹായിക്കുമെന്ന് ഡെമോക്രാറ്റിക് സഭാനേതാവ് മെലിസ പ്രോവെന്‍സാനോ പറഞ്ഞു.
വിദ്യാഭ്യാസം, ഭവന നിര്‍മ്മാണം, വിലക്കയറ്റം, തൊഴിലാളി ക്ഷേമം തുടങ്ങിയ ദൈനംദിന വിഷയങ്ങളില്‍ ഊന്നി പ്രവര്‍ത്തിച്ചതാണ് ഈ വിജയത്തിന് വഴിയൊരുക്കിയതെന്ന് സ്ഥാനാര്‍ത്ഥികള്‍ പ്രതികരിച്ചു. ഹൗസ് ഡിസ്ട്രിക്റ്റ് 100-ല്‍ നിന്ന് വിജയിച്ച ചാന്റെ ഗില്‍മോര്‍, ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആദ്യ ആഫ്രിക്കന്‍-അമേരിക്കന്‍ വനിതയായി മാറി.