Image

'അരാജകത്വം സൃഷ്ടിക്കാനാണെങ്കിൽ രാഹുൽ ഗാന്ധി ബംഗ്ലാദേശിൽ പോകണം'; രൂക്ഷവിമർശനവുമായി രാജീവ് ചന്ദ്രശേഖർ; പി.എസ്.സി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംഘം രാഷ്ട്രപതിയെ കാണും

Published on 05 November, 2026
'അരാജകത്വം സൃഷ്ടിക്കാനാണെങ്കിൽ രാഹുൽ ഗാന്ധി ബംഗ്ലാദേശിൽ പോകണം'; രൂക്ഷവിമർശനവുമായി രാജീവ് ചന്ദ്രശേഖർ; പി.എസ്.സി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംഘം രാഷ്ട്രപതിയെ കാണും

തിരുവനന്തപുരം: രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ രാഹുൽ ഗാന്ധി ബംഗ്ലാദേശിൽ പോയി രാഷ്ട്രീയം കളിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുലിനെ പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയെയും കൂട്ടുപിടിച്ച് അവിടെ രാഷ്ട്രീയം നടപ്പാക്കട്ടെയെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ രൂക്ഷമായി വിമർശിച്ചു. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാൻ ബി.ജെ.പിയും ഒപ്പം 140 കോടി ജനങ്ങളുമുള്ളപ്പോൾ രാഹുൽ ഗാന്ധിയുടെ ഇത്തരം അരാജക നീക്കങ്ങൾ ഇന്ത്യയിൽ വിലപ്പോവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2014-ലും 2019-ലും ജനങ്ങൾ പരാജയപ്പെടുത്തിയ കോൺഗ്രസിന് നുണപ്രചാരണങ്ങൾ നടത്തിയിട്ടും 2024-ലും ജനപിന്തുണ നേടാനായില്ലെന്നും ജനങ്ങളുടെ വിശ്വാസം നേടി ഇനി അവർക്ക് തിരിച്ചുവരാൻ സാധിക്കില്ലെന്നും രാജീവ് കുറ്റപ്പെടുത്തി.

​ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഭരണമികവ് ചൂണ്ടിക്കാട്ടി ജനങ്ങളോട് വോട്ട് ചോദിക്കാൻ കോൺഗ്രസിനാകില്ലെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. അതിനാൽ നുണകൾ പ്രചരിപ്പിച്ച് ജനശ്രദ്ധ തിരിച്ചുവിടാനും, അരാജകത്വം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തളർത്താനുമാണ് അവർ ശ്രമിക്കുന്നത്. തോൽവികളിൽ നിന്ന് പാഠം പഠിക്കാതെ രാജ്യവിരുദ്ധ ശക്തികളുമായി ചേർന്ന് അസ്ഥിരതയുണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

​അതേസമയം, കേരളത്തിലെ ഉദ്യോഗാർഥികളെയും യുവാക്കളെയും വഞ്ചിച്ച സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കാണും. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ എം.പിമാരായ സി. സദാനന്ദൻ, പി.ടി. ഉഷ എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് ഉച്ചയ്ക്ക് 12 മണിക്ക് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുക. ഉദ്യോഗാർഥികളുടെ പരാതികൾ പരിഹരിക്കുന്നതിൽ പി.എസ്.സി പൂർണമായി പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് സംഘം രാഷ്ട്രപതിയുടെ ഇടപെടൽ തേടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക