
കൊൽക്കത്ത: ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ബംഗാളി തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തണമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി ആഹ്വാനം ചെയ്തു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'വി.ബി-ജി റാം ജി' പദ്ധതിയിലൂടെ 125 ദിവസത്തെ തൊഴിലും സുരക്ഷിതമായ വരുമാനവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ ജോബ് കാർഡ് ഉടമയ്ക്കും 34,500 രൂപയുടെ തൊഴിൽ ഗ്യാരണ്ടിയാണ് പദ്ധതി ഉറപ്പുനൽകുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ പോയി കഷ്ടപ്പെടുന്ന തൊഴിലാളികൾ സ്വന്തം കുടുംബത്തോടൊപ്പം നിന്ന് നാട്ടിൽ ജോലി ചെയ്യണമെന്നും, 22 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയെന്ന കേന്ദ്ര ലക്ഷ്യം കൈവരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി 12,000 കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതി ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ 65.62 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിൽ പ്രതിദിന തൊഴിൽ 7.09 ലക്ഷത്തിലേക്ക് ഉയർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ് എം.ജി.എൻ.ആർ.ഇ.ജി.എ പദ്ധതിയുടെ കാലത്ത് വൻതോതിൽ അഴിമതി നടന്നിരുന്നുവെന്നും, പരിശോധനയിൽ അർഹരല്ലാത്തവരുടെ 31 ലക്ഷം വ്യാജ ജോബ് കാർഡുകൾ കേന്ദ്രം റദ്ദാക്കിയിട്ടുണ്ടെന്നും സുവേന്ദു അധികാരി കൂട്ടിച്ചേർത്തു. പുതിയ പദ്ധതിയിലൂടെ യഥാർഥ ഗുണഭോക്താക്കൾക്ക് സുതാര്യമായി ആനുകൂല്യങ്ങൾ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി സർക്കാർ അധികാരത്തിൽ ഒരു വർഷം പൂർത്തിയാകുമ്പോഴേക്കും വിവിധ സർക്കാർ വകുപ്പുകളിലായി ഒരു ലക്ഷം പേർക്ക് സ്ഥിരനിയമനം നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിൽ 63,496 ഒഴിവുകളിലേക്കുള്ള നിയമനത്തിന് മന്ത്രിസഭ ഇതിനകം അംഗീകാരം നൽകിക്കഴിഞ്ഞു. 2027 മേയ് എട്ടിനകം ഒരു ലക്ഷം ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് കൈമാറുകയാണ് ലക്ഷ്യം. വെസ്റ്റ് ബംഗാൾ പബ്ലിക് സർവീസ് കമ്മീഷൻ (ഡബ്ല്യു.ബി.പി.എസ്.സി), എസ്.എസ്.സി, പോലീസ് റിക്രൂട്ട്‌മെന്റ് ബോർഡ് തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങൾ വഴിയായിരിക്കും ബാഹ്യ ഇടപെടലുകളില്ലാതെ പൂർണമായും സുതാര്യമായി നിയമനങ്ങൾ നടത്തുകയെന്നും അദ്ദേഹം ഉറപ്പുനൽകി.