
ചെന്നൈ: തമിഴ്‌നാട്ടിലെ വിജയ് സർക്കാരിന്റെ വൈദ്യുതി വാങ്ങൽ ഇടപാടുകളിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും ഇതിൽ സമഗ്രാന്വേഷണം വേണമെന്നും മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. കേരളത്തിന് യൂണിറ്റിന് 8.64 രൂപ നിരക്കിൽ വൈദ്യുതി ലഭിക്കാൻ അവസരമുള്ളപ്പോൾ തമിഴ്‌നാട് സർക്കാർ യൂണിറ്റിന് 41.50 രൂപ വരെ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിൽ കെ.എസ്.ഇ.ബി ചെയർമാൻ എം.ജി. രാജമാണിക്യത്തിന്റെ മാറ്റത്തിലേക്ക് നയിച്ച വൈദ്യുതി വാങ്ങൽ തർക്കവുമായി ബന്ധപ്പെട്ട് പ്രമുഖ ദേശീയ മാധ്യമം പുറത്തുവിട്ട വാർത്ത ചൂണ്ടിക്കാട്ടിയാണ് ടി.വി.കെ സർക്കാരിനെതിരെ സ്റ്റാലിൻ രൂക്ഷവിമർശനം ഉന്നയിച്ചത്.
കേരളത്തിന് യൂണിറ്റിന് 8.64 രൂപ, 12.50 രൂപ, 14.50 രൂപ നിരക്കുകളിൽ വൈദ്യുതി വാങ്ങാൻ സാധിക്കുമ്പോൾ, തമിഴ്നാട്ടിലെ വിജയ് സർക്കാരിന് എന്തുകൊണ്ട് അത് സാധ്യമാകുന്നില്ലെന്ന് സ്റ്റാലിൻ ആരാഞ്ഞു. ടി.വി.കെ ഭരണത്തിന് കീഴിൽ യൂണിറ്റിന് 35, 37, 41.50 രൂപ നിരക്കുകളിലാണ് കൊള്ളവില നൽകി തമിഴ്നാട് സർക്കാർ വൈദ്യുതി വാങ്ങിക്കൂട്ടുന്നത്. കേരള സർക്കാർ മുൻപ് യൂണിറ്റിന് 14.50 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ തീരുമാനിക്കുകയും പിന്നീട് ചർച്ചകളിലൂടെ അത് 12.50 രൂപയായി കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ നിരക്ക് പോലും സാമ്പത്തികമായി ലാഭകരമാണോ എന്ന കാര്യത്തിൽ കേരളത്തിൽ ഇപ്പോഴും വലിയ തർക്കങ്ങൾ നിലനിൽക്കുമ്പോഴാണ് തമിഴ്‌നാട് റെക്കോർഡ് തുക നൽകി വൈദ്യുതി വാങ്ങുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
തമിഴ്‌നാട് സർക്കാരിന്റെ ഈ നീക്കങ്ങൾക്ക് പിന്നിൽ വലിയ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടെന്നും വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം അനിവാര്യമാണെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. സ്വകാര്യ കമ്പനി 8.64 രൂപ നിരക്കിൽ വൈദ്യുതി നൽകാമെന്ന വാഗ്ദാനം മുന്നോട്ടുവെച്ചപ്പോൾ, അത് അവഗണിച്ച് ഹിമാചൽ പ്രദേശിൽനിന്ന് 14.50 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി ശുപാർശ ചെയ്തതാണ് ചെയർമാൻ സ്ഥാനത്തുനിന്ന് രാജമാണിക്യത്തെ മാറ്റാൻ കാരണമായതെന്ന് റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. എന്നാൽ അത്തരം ജാഗ്രതയോ നടപടികളോ ഇല്ലാതെ ജനങ്ങളുടെ നികുതിപ്പണം സ്വകാര്യ ലോബികൾക്ക് കൊള്ളയടിക്കാൻ തമിഴ്നാട് ഭരണകൂടം കൂട്ടുനിൽക്കുകയാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.