Image

എസ്.സി/എസ്.ടി സംവരണ മണ്ഡലങ്ങളിൽ റൊട്ടേഷൻ നിർബന്ധമാക്കാനാകില്ല; ഹർജി തള്ളി സുപ്രീംകോടതി: 'തീരുമാനിക്കേണ്ടത് പാർലമെന്റ്'

Published on 05 November, 2026
എസ്.സി/എസ്.ടി സംവരണ മണ്ഡലങ്ങളിൽ റൊട്ടേഷൻ നിർബന്ധമാക്കാനാകില്ല; ഹർജി തള്ളി സുപ്രീംകോടതി: 'തീരുമാനിക്കേണ്ടത് പാർലമെന്റ്'

ന്യൂഡൽഹി: പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും പട്ടികജാതി, പട്ടികവർഗ സംവരണ മണ്ഡലങ്ങളിൽ നിർബന്ധിത റൊട്ടേഷൻ സമ്പ്രദായം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി സുപ്രീംകോടതി തള്ളി. സംവരണ മണ്ഡലങ്ങൾ എങ്ങനെ നിശ്ചയിക്കണമെന്നത് നിയമനിർമാണ സഭയുടെ പൂർണമായ നയപരമായ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്നും അതിൽ ഇടപെട്ട് നിർദേശങ്ങൾ നൽകാൻ കോടതികൾക്ക് അധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ്, 2002-ലെ ഡീലിമിറ്റേഷൻ ആക്ടിലെ വ്യവസ്ഥകൾ ശരിവെച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ തള്ളിയത്.

​തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണഘടനാപരമായ മാതൃക പിന്തുടർന്ന് നിയമസഭകളിലും ലോക്‌സഭയിലും സംവരണ മണ്ഡലങ്ങൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ മാറ്റണമെന്നായിരുന്നു ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലുള്ള കദിപൂർ അസംബ്ലി മണ്ഡലത്തിലെ വോട്ടറായ ജഗദീഷ് സിങ് സമർപ്പിച്ച ഹർജിയിലെ പ്രധാന ആവശ്യം. കദിപൂർ മണ്ഡലം രൂപീകൃതമായത് മുതൽ കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി എസ്.സി വിഭാഗത്തിനായി മാത്രം സംവരണം ചെയ്തിരിക്കുകയാണെന്നും, ഇത് പൊതുതാൽപ്പര്യത്തിന് പകരം ചുരുക്കം ചില രാഷ്ട്രീയ കുടുംബങ്ങൾക്ക് മാത്രമാണ് ഗുണം ചെയ്യുന്നതെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ വോട്ട് ചെയ്യാനുള്ള അവകാശവും ഒരു പ്രത്യേക മണ്ഡലത്തിൽ നിന്നുതന്നെ മത്സരിക്കാനുള്ള അവകാശവും തമ്മിൽ വലിയ അന്തരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ജനറൽ വിഭാഗത്തിലുള്ളവർക്ക് മറ്റ് പൊതുമണ്ഡലങ്ങളിൽ മത്സരിക്കാൻ ഭരണഘടനാപരമായി യാതൊരു തടസ്സവുമില്ലെന്ന് വ്യക്തമാക്കി.

​വാദം കേൾക്കുന്നതിനിടെ രാഷ്ട്രീയവും വോട്ടവകാശവുമായി ബന്ധപ്പെട്ട് കോടതി സുപ്രധാനമായ നിരീക്ഷണങ്ങളും നടത്തി. ബഹുകക്ഷി ജനാധിപത്യത്തിൽ വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുള്ള നിരവധി പാർട്ടികളുണ്ടെന്നും, വോട്ടർമാർ വോട്ട് രേഖപ്പെടുത്തേണ്ടത് പാർട്ടികൾക്കാണെന്നും അല്ലാതെ സ്ഥാനാർഥിയുടെ ജാതിക്കോ മതത്തിനോ അല്ലെന്നും ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി നിരീക്ഷിച്ചു. നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്താൻ കോടതിയെ അല്ല, മറിച്ച് പാർലമെന്റിനെയാണ് സമീപിക്കേണ്ടതെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, റൊട്ടേഷൻ തത്വം നടപ്പാക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ജനപ്രതിനിധികളെ സമീപിച്ച് രാഷ്ട്രീയ സമവായം ഉണ്ടാക്കാനും ജനാധിപത്യപരമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും ഹർജിക്കാരന് അവകാശമുണ്ടെന്നും കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക