
തിരുവനന്തപുരം: പാങ്ങപ്പാറയിൽ പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തി ചാക്കിൽകെട്ടി ഉപേക്ഷിച്ച കേസിൽ പ്രതികളുടെ സുഹൃത്തായ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ രണ്ടാം പ്രതിയായ പാങ്ങപ്പാറ സ്വദേശി ഉമർ മുഫ്താറുമായി (22) അടുത്ത ബന്ധമുള്ള യുവതിയെയാണ് ബുധനാഴ്ച രാത്രിയോടെ ശ്രീകാര്യം പോലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതിക്ക് വേണ്ടി അഭിറാമിനെയും സുഹൃത്തിനെയും അപായപ്പെടുത്താൻ പദ്ധതിയുള്ളതായി ഉമർ മുഫ്താർ തന്നോട് നേരത്തെ പറഞ്ഞിരുന്നതായി യുവതി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷമുള്ള തെളിവുനശിപ്പിക്കൽ നീക്കങ്ങളെക്കുറിച്ചും യുവതിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്നാണ് വിവരം. വിശദമായ ചോദ്യം ചെയ്യലിനും വസ്തുതാപരിശോധനയ്ക്കും ശേഷമേ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന് പോലീസ് അറിയിച്ചു.
പ്രണയപ്പകയാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അഭിറാമിന്റെ സുഹൃത്തുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയുമായി പ്രായപൂർത്തിയാകാത്ത മുഖ്യപ്രതിക്ക് മുൻപ് അടുപ്പമുണ്ടായിരുന്നു. ഈ വൈരാഗ്യത്തിൽ അഭിറാമിന്റെ സുഹൃത്തിനെയാണ് പ്രതികൾ ആദ്യം ലക്ഷ്യമിട്ടിരുന്നത്. ഇതിനായി സുഹൃത്തായ ആനന്ദ ബി.എ (18) എന്ന പെൺകുട്ടിയെ ഉപയോഗിച്ച് അഭിറാമിനെ പാങ്ങപ്പാറയിലെ വിജനമായ പറമ്പിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് അഭിറാം വഴി ലക്ഷ്യമിട്ട സുഹൃത്തിനെ സ്ഥലത്തെത്തിക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. ഇതോടെ പ്രകോപിതരായ സംഘം അഭിറാമിനെ ക്രൂരമായി മർദിക്കുകയും ബെൽറ്റ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മൃതദേഹം ചാക്കിലാക്കി സമീപത്തെ വാഴക്കൂട്ടത്തിൽ ഒളിപ്പിച്ചു.
അഭിറാമിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ ശ്രീകാര്യം പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച പാങ്ങപ്പാറയിലെ പറമ്പിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. കേസിൽ പതിനേഴുകാരനായ മുഖ്യപ്രതി, ഉമർ മുഫ്താർ, കെണിയൊരുക്കാൻ സഹായിച്ച മണക്കാട് സ്വദേശി ആനന്ദ എന്നിവരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് സംഘം വിശദമായി അന്വേഷിച്ചുവരികയാണ്.