Image

ജി.എൻ.എ വൈദ്യുതി ഇടപാട്: സർക്കാരിനെതിരെ കെ.എസ്.ഇ.ബിയിലെ വിദഗ്ധർ; ഹിമാചൽ വൈദ്യുതി ഒഴിവാക്കിയത് വൻ സാമ്പത്തിക ബാധ്യതയെന്ന് ആക്ഷേപം

Published on 05 November, 2026
ജി.എൻ.എ വൈദ്യുതി ഇടപാട്: സർക്കാരിനെതിരെ കെ.എസ്.ഇ.ബിയിലെ വിദഗ്ധർ; ഹിമാചൽ വൈദ്യുതി ഒഴിവാക്കിയത് വൻ സാമ്പത്തിക ബാധ്യതയെന്ന് ആക്ഷേപം

കൊച്ചി: സ്വകാര്യ കമ്പനിയായ ജി.എൻ.എ എനർജി പ്രൈവറ്റ് ലിമിറ്റഡിൽനിന്ന് മുഴുവൻ സമയവും വൈദ്യുതി വാങ്ങാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഊർജ വിദഗ്ധരും കെ.എസ്.ഇ.ബിയിലെ ഉന്നത ഉദ്യോഗസ്ഥരും രംഗത്ത്. കരാറിനെ മുഖ്യമന്ത്രി വി.ഡി. സതീശൻ ന്യായീകരിച്ചതിന് പിന്നാലെയാണ്, ഹിമാചൽ പ്രദേശിൽനിന്നുള്ള കുറഞ്ഞ നിരക്കിലെ വൈദ്യുതി വേണ്ടെന്നുവെച്ചതിനെതിരെ കടുത്ത വിമർശനം ഉയർന്നിരിക്കുന്നത്. പകൽസമയത്ത് സൗരോർജം അധികമായി ലഭിക്കുന്ന കേരളത്തിൽ, ഉയർന്ന നിരക്കിൽ 24 മണിക്കൂറും വൈദ്യുതി വാങ്ങുന്നത് അനാവശ്യ ചെലവാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഹിമാചൽ പ്രദേശ് വാഗ്ദാനം ചെയ്ത ചെറുകിട ജലവൈദ്യുതിയെ അപേക്ഷിച്ച് ജി.എൻ.എയുടെ വൈദ്യുതിക്ക് യൂണിറ്റിന് 5.21 രൂപ അധികമാണെന്നും യഥാർഥ കണക്കുകൾ മറച്ചുവെച്ചാണ് മുഖ്യമന്ത്രി കരാറിനെ പിന്തുണച്ചതെന്നും കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) ആരോപിച്ചു.

​സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഏറ്റവും കൂടുന്ന 'പീക്ക്' സമയങ്ങളിൽ ഹിമാചൽ വൈദ്യുതിയായിരുന്നു കൂടുതൽ ഗുണകരമെന്ന് കെ.എസ്.ഇ.ബി സർക്കാരിന് നൽകിയ കുറിപ്പിൽ വ്യക്തമാക്കുന്നു. ജി.എൻ.എയിൽനിന്ന് യൂണിറ്റിന് 8.645 രൂപ നിരക്കിൽ വാങ്ങുന്ന 12 ദശലക്ഷം യൂണിറ്റിൽ 4.5 ദശലക്ഷം യൂണിറ്റ് മാത്രമാണ് ആവശ്യകതയേറിയ സമയത്ത് ലഭിക്കുക. എന്നാൽ ഹിമാചലിന്റെ 8.824 ദശലക്ഷം യൂണിറ്റിൽ 7.177 ദശലക്ഷം യൂണിറ്റും പുലർച്ചെയും വൈകുന്നേരങ്ങളിലും ലഭ്യമാകുമായിരുന്നു. ജി.എൻ.എയുമായുള്ള കരാറിലേക്ക് മാറിയതോടെ വരുംമാസങ്ങളിൽ വൈകുന്നേരങ്ങളിലെ വൈദ്യുതി കമ്മി 364 മുതൽ 780 മെഗാവാട്ട് വരെയായി വർധിക്കുമെന്നും കെ.എസ്.ഇ.ബി തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്.

​കരാർ കാലാവധിയുടെ കാര്യത്തിലും സംസ്ഥാനത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടാവുക. ജി.എൻ.എയുടെ വൈദ്യുതി ലഭ്യത 2027 മാർച്ച് വരെ മാത്രമായിരിക്കുമ്പോൾ, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൈദ്യുതി വേണ്ടിവരുന്ന കൊടുംവേനലായ 2027 മേയ് വരെ നൽകാൻ ഹിമാചൽ സന്നദ്ധമായിരുന്നു. നിലവിൽ പീക്ക് സമയത്ത് 5,500 മെഗാവാട്ട് വരെ ആവശ്യമുള്ള കേരളത്തിന് പരമാവധി ലഭിക്കുന്നത് 4,200 മെഗാവാട്ട് മാത്രമാണ്. ജി.എൻ.എ കരാർ വഴി പീക്ക് സമയത്തെ പ്രതിസന്ധി പരിഹരിക്കാനാകാതെ വരികയും, പവർകട്ട് ഒഴിവാക്കാൻ റിയൽ ടൈം മാർക്കറ്റിൽനിന്ന് വീണ്ടും 700 മെഗാവാട്ടോളം ഉയർന്ന വിലയ്ക്ക് വാങ്ങേണ്ടിവരികയും ചെയ്യുമെന്നത് ബോർഡിന് ഇരട്ട പ്രഹരമാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക