
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി പോലീസ് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി തുടരുന്നു. ലഹരിക്കടത്തിലൂടെ അനധികൃതമായി സ്വത്തുക്കൾ സമ്പാദിച്ച 40 പേരുടെ സ്വത്തുവകകൾ കണ്ടുകെട്ടാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. ലഹരി ഇടപാടുകളുമായി ബന്ധമുള്ള 148 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും പ്രതികൾ ഉപയോഗിച്ച 186 വാഹനങ്ങളും 801 മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തതായും ദൗത്യത്തിന്റെ നോഡൽ ഓഫീസർ ഐ.ജി. പുട്ട വിമലാദിത്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദൗത്യം ആരംഭിച്ചതിനുശേഷം വൻ ജനകീയ പിന്തുണയാണ് ലഭിക്കുന്നതെന്ന് ഐ.ജി. ചൂണ്ടിക്കാട്ടി. ഫോൺ വഴി 8,125 പരാതികളും വാട്‌സ്ആപ്പ് വഴി 5,668 പരാതികളുമാണ് ഇതുവരെ പോലീസിന് ലഭിച്ചത്. കൂടാതെ ആഭ്യന്തര മന്ത്രിയുടെ ഓഫീസിലേക്കും നിരവധി പരാതികൾ എത്തുന്നുണ്ട്. പൊതുജനങ്ങളിൽ നിന്നുള്ള കൃത്യമായ വിവരങ്ങൾ ലഹരിമാഫിയയെ പൂട്ടാൻ പോലീസിന് വലിയ കരുത്താണ് നൽകുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് ലഹരി കടത്തുന്ന രാജ്യാന്തര സംഘങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഐ.ജി. അറിയിച്ചു. നാല് പേർക്കെതിരെ റെഡ് കോർണർ നോട്ടീസും ഒരാൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസും പത്ത് പേർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്റർപോളിന്റെ സഹായത്തോടെ ഇവരെ ഉടൻ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇതുവരെ 15,515 പേരെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്തതായും, ലഹരി കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ 2,500-ഓളം പേരുടെ വിവരങ്ങൾ ശേഖരിച്ച് കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.