
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡപകട മരണങ്ങൾ തടയുന്നതിനായി സർക്കാർ രൂപീകരിച്ച 'കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷന്റെ' ബ്രാൻഡ് അംബാസഡറായി പ്രമുഖ ചലച്ചിത്രതാരം മമ്മൂട്ടിയെ പ്രഖ്യാപിച്ചു. മിഷന്റെ ഔദ്യോഗിക പ്രഖ്യാപനം നവംബർ 15-ന് രാവിലെ 11-ന് എറണാകുളം ടൗൺഹാളിൽ നടക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ അറിയിച്ചു. പ്രതിവർഷം ശരാശരി 3,700-ഓളം പേർ സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഈ നിരക്ക് ഘട്ടംഘട്ടമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ, 'എൻലൈറ്റൻ ആൻഡ് എൻഫോഴ്സ്' എന്ന ആശയത്തിലൂന്നി വിദ്യാർഥികൾ മുതൽ മുതിർന്ന പൗരന്മാർ വരെയുള്ളവരെ ഉൾപ്പെടുത്തി വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി വി.ഡി. സതീശൻ ചെയർമാനും ഗതാഗതമന്ത്രി കോ-ചെയർമാനുമായ ഭരണസമിതിയാണ് മിഷന് നേതൃത്വം നൽകുന്നത്. എട്ട് പ്രധാന വകുപ്പുകളിലെ മന്ത്രിമാർ സമിതിയിൽ അംഗങ്ങളായിരിക്കും. പ്രവർത്തനങ്ങൾ താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിനായി ജില്ലാതലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങളിലും സുരക്ഷിത ഡ്രൈവിങ് ക്ലബ്ബുകൾ രൂപീകരിക്കും. പൊതുജന പങ്കാളിത്തത്തോടെ ഗതാഗത നിയമപാലനവും ബോധവൽക്കരണവും ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
റോഡ് നവീകരണത്തോടൊപ്പം അപകടമേഖലകളായ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി പരിഹരിക്കുക, റോഡ് സൈൻ ബോർഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കുക, സീബ്രാ ലൈനുകളുടെ വീതി വർധിപ്പിക്കുക തുടങ്ങിയ സമഗ്ര പരിഷ്കാരങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. റോഡ് മാർക്കിങ്ങിൽ കളർ കോഡുകൾ ഉൾപ്പെടുത്തി സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾക്ക് സമീപം പ്രത്യേക സുരക്ഷാ മേഖലകൾ സജ്ജമാക്കും. കൂടാതെ, വിദ്യാർഥികളിൽ ചെറുപ്പത്തിലേ റോഡ് സുരക്ഷാ അവബോധം വളർത്തുന്നതിനായി ഇത് സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും പൊതുജനങ്ങൾക്കായി പ്രത്യേക മൊബൈൽ ആപ്പുകൾ വികസിപ്പിക്കാനും നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.