
കൊച്ചി: ചേരാനെല്ലൂരിൽ കാറിടിച്ച് ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ തെളിവുനശിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മകൾ ഭദ്രകീർത്തി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. സംഭവവുമായി ബന്ധപ്പെട്ട സുപ്രധാന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ അന്വേഷണ സംഘത്തിന് കൈമാറിയതായും കേസ് അന്വേഷണത്തിൽ പൂർണ പ്രതീക്ഷയുണ്ടെന്നും മൊഴി നൽകിയ ശേഷം ഭദ്രകീർത്തി വ്യക്തമാക്കി. പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് അപകടമുണ്ടായതിന് പിന്നാലെ, പിതാവായ അഡീഷണൽ ജില്ലാ ജഡ്ജി സംഭവസ്ഥലത്തെത്തി തെളിവുനശിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി ഉയർന്നതിനെത്തുടർന്ന് ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) 238-ാം വകുപ്പ് പ്രകാരമാണ് അന്വേഷണ സംഘം കേസെടുത്തിരിക്കുന്നത്.
അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്നും ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റണമെന്നുമുള്ള പ്രോസിക്യൂഷന്റെ ഹർജിയിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. തെളിവുനശിപ്പിക്കൽ പരാതി നേരിടുന്ന ജഡ്ജി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ ഇരുകോടതികളുടെയും ഇന്നത്തെ നിലപാട് ഏറെ നിർണായകമാകും.
അതേസമയം, കേസിലുൾപ്പെട്ട പ്രായപൂർത്തിയാകാത്ത പ്രതിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ച സംഭവത്തിൽ സൈബർ പോലീസ് കർശന നടപടി തുടങ്ങി. സംഭവത്തിൽ ഇതിനോടകം 28 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ പ്രചരിച്ച സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽനിന്ന് ലിങ്കുകളുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ തേടിയിട്ടുണ്ടെന്നും, വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് കുറ്റക്കാർക്കെതിരെ നോട്ടീസ് അയക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.