Image

ഡെമോക്രാറ്റുകളുടെ നീല സുനാമി റിപ്പബ്ലിക്കൻ മേഖലകളും വിഴുങ്ങി (പിപിഎം)

Published on 05 November, 2026
ഡെമോക്രാറ്റുകളുടെ നീല സുനാമി റിപ്പബ്ലിക്കൻ മേഖലകളും വിഴുങ്ങി (പിപിഎം)

യുഎസ് രാഷ്ട്രീയ രംഗം ഉഴുതുമറിച്ച ചൊവാഴ്ചത്തെ ഇടക്കാല തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് നീല സുനാമിയിൽ നിരവധി റിപ്പബ്ലിക്കൻ കോട്ടകൾ കടപുഴകി വീണു.  മിഡ്‌വെസ്റ്റിലും സൗത്തിലും റിപ്പബ്ലിക്കൻ സീറ്റുകൾ എന്നുറപ്പിച്ചിരുന്ന മേഖലകളിലും അവർ തൂത്തുവാരി.

ഏറ്റവും വലിയ അമ്പരപ്പായത് ടെക്സസും കാൻസസുമാണ്. രണ്ടും ഉറച്ച റിപ്പബ്ലിക്കൻ കോട്ടകൾ ആയിരുന്നു. ടെക്സസിന്റെ കരുത്തനായ ഗവർണർ ഗ്രെഗ് ആബട്ട് ഡെമോക്രാറ്റ് ജീന ഹിനോഹോസയോടു തോറ്റത് ഉൾക്കൊള്ളാൻ പാർട്ടി വിഷമിക്കും. സെനറ്റിലേക്കാവട്ടെ 1988നു ശേഷം ആദ്യമായാണ് ഡെമോക്രാറ്റ് ജയിക്കുന്നത്.

മറ്റൊരു കനത്ത തിരിച്ചടി ഒഹായോവിൽ ആയിരുന്നു. ഡെമോക്രാറ്റിക് മുൻ സെനറ്റർ ഷെറോഡ് ബ്രൗൺ റിപ്പബ്ലിക്കൻ ജോൺ ഹസ്റ്റഡിനെ തോൽപിച്ചു തന്റെ പഴ സീറ്റ് വീണ്ടെടുത്തപ്പോൾ ഗവർണർ സ്ഥാനത്തേക്കുള്ള കടുത്ത പോരാട്ടത്തിൽ ഡെമോക്രാറ്റ് ആമി ആക്ടൻ റിപ്പബ്ലിക്കൻ വിവേക് രാമസ്വാമിയെ വീഴ്ത്തി.

അയോവയിൽ ഡെമോക്രാറ്റ് ജോഷ് തുറക്ക് റിപ്പബ്ലിക്കൻ ആഷ്‌ലി ഹിൻസണെ തോൽപിച്ചു സെനറ്റ് നേടി. ഗവർണർ മത്സരത്തിലും ഡെമോക്രാറ്റ് തന്നെ ജയിച്ചത്: റോബ് സാൻഡ്.

മെയ്ൻ സംസ്ഥാനത്തും റിപ്പബ്ലിക്കൻ പാർട്ടി അക്ഷരാർഥത്തിൽ ഞെട്ടി. പലകുറി സെനറ്റ് കണ്ട സീനിയർ നേതാവ് സൂസൻ കോളിൻസിനെ ഡെമോക്രാറ്റ് ട്രോയ് ജാക്‌സൺ വീഴ്ത്തി.

നോർത്ത് കരളിന മുൻ ഗവർണർ റോയ് കൂപ്പർ സെനറ്റിലേക്കു ജയിച്ചത് ഡെമോക്രാറ്റിക് ടിക്കറ്റിൽ. സൗത്ത് കരളിനയിൽ ട്രംപിന്റെ സ്വന്തം സ്ഥാനാർഥി ഡാർലിൻ ഗ്രെയം സെനറ്റ് മത്സരത്തിൽ തോറ്റത് ഡെമോക്രാറ്റ് ആനി ആൻഡ്രൂസിനോട്.

ജോർജിയ, മിഷിഗൺ, ന്യൂ ഹാംപ്‌ഷെയർ സെനറ്റ് സീറ്റുകളും ഡെമോക്രാറ്റുകൾ നിലനിർത്തി. മിഷിഗണിൽ അറബ് വംശജൻ അബ്ദുൾ എൽ സായിദിന്റെ വിജയം ചരിത്രമായി. സെനറ്റിൽ ആദ്യത്തെ മുസ്ലിമായി ഈ ഈജിപ്ഷ്യൻ അമേരിക്കൻ.  

യുഎസ് ഹൗസിൽ ഡെമോക്രാറ്റുകൾ സീറ്റുകൾ തൂത്തുവാരിയപ്പോൾ വീണതിൽ പല പ്രമുഖ റിപ്പബ്ലിക്കന്മാരും ഉണ്ട്. വിർജിനിയയിൽ ജെൻ കിഗൻസ്, വിസ്കോൺസിനിൽ ഡെറിക് വാൻ ഓർഡൻ, ഇന്ത്യാനയിൽ വിക്ടോറിയ സ്പാർട്സ് എന്നിവർ അതിൽ ഉൾപ്പെടുന്നു.  

ഹൗസ് ഡെമോക്രാറ്റിക് ലീഡർ ഹക്കീം ജെഫ്രിസ് ആദ്യത്തെ കറുത്ത വർഗക്കാരനായ സ്‌പീക്കറാവും.

ഡെമോക്രാറ്റുകൾ ഗവർണർ സ്ഥാനങ്ങൾ ജയിച്ചത് ജോർജിയ, അയോവ, ഒഹായോ, ടെക്സസ് എന്നീ സംസ്ഥാനങ്ങളിലാണ്. റിപ്പബ്ലിക്കൻ ഗവർണർമാർ 20 ആയി കുറഞ്ഞപ്പോൾ ഡെമോക്രാറ്റുകൾ 28 ആയി.

Democrats gain across Midwest, South and GOP territories

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക