Image

ഭരണകൂടം കാട്ടിയ ക്രൂരതകൾക്കു ശക്തമായി മറുപടി നൽകി അമേരിക്കൻ ജനത (പിപിഎം)

Published on 04 November, 2026
ഭരണകൂടം കാട്ടിയ ക്രൂരതകൾക്കു ശക്തമായി മറുപടി നൽകി അമേരിക്കൻ ജനത (പിപിഎം)

വഞ്ചിക്കപ്പെട്ട ജനതയുടെ പ്രതികാരമാണ് ചൊവാഴ്ച്ച രാത്രി അമേരിക്കയിൽ കണ്ടതെന്നു പറയുന്നത് തെല്ലും അതിശയോക്തി ആവില്ല. ഡെമോക്രാറ്റുകളോടുള്ള കടുത്ത ആരാധനയല്ല ഈ വിധിയെഴുത്തിനു പിന്നില്ലെന്ന് ആരും പറഞ്ഞു വയ്ക്കാതെ തന്നെ വ്യക്തമാണ്. രണ്ടു വർഷം മുൻപ് അധികാരത്തിലേറുമ്പോൾ ഉയർത്തിയ പ്രതീക്ഷകൾ മുഴുവൻ കാറ്റിൽ പറത്തി അധികാരം തലയ്ക്കു പിടിച്ച പോലെ നീതിയും യുക്തിയും ഇല്ലാതെ അഴിഞ്ഞാടുകയായിരുന്നു പ്രസിഡന്റ് ട്രംപും അദ്ദേഹത്തിൻെറ കൂട്ടാളികളും എന്നത് എടുത്തു പറയാനുമില്ല.

ആ സമീപനം ജനത്തിനു ജീവിതം ദുസ്സഹമാക്കി എന്ന സത്യം ബാക്കി നിൽക്കെ അതിന്റെ തിരിച്ചടിയാണ് ചൊവ്വാഴ്ച്ച രാത്രി കണ്ടതെന്നു ലോകം വിലയിരുത്തി കഴിഞ്ഞു. താൻ ബാലറ്റിൽ ഉണ്ടെന്നു സങ്കൽപിച്ചു വോട്ട് ചെയ്യാൻ 47 പ്രാവശ്യം (ന്യൂ യോർക്ക് ടൈംസ് കണക്ക്) ആഹ്വാനം ചെയ്ത ട്രംപ് തോൽവിക്കു മുന്നിൽ യാതൊരു കൂസലും കാട്ടാതെ പറഞ്ഞതോ, തന്നെക്കുറിച്ചായിരുന്നില്ല ഈ ജനവിധി എന്നാണ്.  

അദ്ദേഹം പ്രചാരണം നടത്തിയതു കൊണ്ടു മാത്രം തോറ്റ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ ഉണ്ടെന്ന വസ്തുത നിലനിൽക്കെയാണ് ആ കൈകഴുകൽ.

പച്ചക്കളളം പറയുന്നതും ജനം കേട്ടു

വിലകൾ കുത്തനെ ഉയരുമ്പോൾ അവ നിയന്ത്രിക്കുന്നതിനു പകരം വിലകൾ കുത്തനെ താഴോട്ടാണ് എന്നു പച്ചക്കളളം പറയുന്നതും ജനം കേട്ടു. അമേരിക്കയ്ക്കു യാതൊരു ആവശ്യവും ഇല്ലാത്ത ഇറാൻ യുദ്ധത്തിനു പോയതു കൊണ്ടു വന്ന ദുരിതങ്ങളും ജനത്തിന്റെ ചുമലിൽ തന്നെ വീണു. അതിനെല്ലാം പുറമെയാണ് ട്രംപും കുടുംബവും കൂടി ഉൾപ്പെട്ട നിരവധി അഴിമതി ആരോപണങ്ങൾ.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ എന്ന പേരിൽ മുഖം മറച്ച ഫെഡറൽ ഏജന്റുമാർ നടത്തിയ വേട്ടകൾ ഒരു ജനാധിപത്യ സമൂഹത്തിനും അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. യുഎസ് പൗരന്മാരെ വരെ അവർ വെടിവച്ചു കൊന്നു.

ജനാധിപത്യത്തിൽ എപ്പോഴും ബദൽ ഉണ്ടെന്ന സത്യം വീണ്ടും തെളിഞ്ഞു. ഡെമോക്രാറ്റുകൾക്കു ജനം യുഎസ് കോൺഗ്രസിന്റെ ഇരു സഭകളും ഏല്പിച്ചു കൊടുക്കയാണ് ചെയ്തത്. റിപ്പബ്ലിക്കൻ ഉരുക്കു കോട്ടകൾ നെടുകെ പിളർന്നപ്പോൾ ഗവർണർ മന്ദിരങ്ങളും ഡെമോക്രാറ്റുകൾ പിടിച്ചു.

അമ്പരപ്പിച്ച ടെക്സസ് 

ടെക്സസ് ആണ് അമ്പരപ്പിക്കുന്ന ഫലങ്ങൾ നൽകിയ ഒരു സംസ്ഥാനം. പതിറ്റാണ്ടുകളായി റിപ്പബ്ലിക്കൻ കോട്ടയായിരുന്ന സംസ്ഥാനത്തു രാഷ്ട്രീയ ശക്തി കേന്ദ്രമായിരുന്ന ഗവർണർ ഗ്രെഗ് ആബട്ട് പോലും മൂക്കും കുത്തി വീണു. അഴിമതി കുറ്റം തെളിഞ്ഞ അറ്റോണി ജനറൽ കെൻ പാക്ക്സ്റ്റൻ ട്രംപിനോടുള്ള അടുപ്പം കൊണ്ടു സെനറ്റ് സ്ഥാനാർഥി ആയെങ്കിലും ജനം അതിനൊരു വിലയും കൽപിച്ചില്ല.  

പണം ജനത്തിനു പുല്ലാണെന്നും ടെക്സസ് തെളിയിച്ചു. ഇലോൺ മസ്‌ക് റിപ്പബ്ലിക്കൻ പാർട്ടിക്കു വേണ്ടി ഏറ്റവുമധികം ഡോളറുകൾ വാരിയെറിഞ്ഞത് ടെക്സസിൽ ആയിരുന്നു. അതൊക്കെ വെള്ളത്തിൽ ഒഴുകിപ്പോയി. മാത്രമല്ല, ഡെമോക്രാറ്റുകൾ ഉടൻ ആരംഭിക്കുന്ന അന്വേഷണങ്ങളിൽ ഒരു പ്രധാന പ്രതി മസ്‌ക് ആയിരിക്കും എന്നും പ്രതീക്ഷിക്കാം.

ബാധ്യതയാവുന്ന ട്രംപ് 

സൗത്ത് കരളിനയാണ് മറ്റൊരു വമ്പൻ അട്ടിമറി കണ്ടത്. ദീർഘകാലം റിപ്പബ്ലിക്കൻ സെനറ്ററായി ട്രംപിന്റെ ഉറ്റ സുഹൃത്തായിരുന്ന ലിൻഡ്‌സെ ഗ്രെയമിന്റെ നിര്യാണം മൂലം ഒഴിവ് വന്ന സെനറ്റ് സീറ്റിൽ അദ്ദേഹത്തിന്റെ സഹോദരിയാണ് തോറ്റത്. ട്രംപിനു വേണ്ടപ്പെട്ടവർക്ക് അദ്ദേഹം ബാധ്യതയാവുന്നതിന്റെ മറ്റൊരു ഉദാഹരണം. ഡെമോക്രാറ്റ് ആനി ആൻഡ്രൂസ് വിജയ പ്രസംഗത്തിൽ പറഞ്ഞത് താൻ 'വാഷിംഗ്ടണിൽ ആരുടെയോ' സ്ഥാനാർഥി ആയിരുന്നില്ല എന്നാണ്.

ഡെമോക്രാറ്റിക് പാർട്ടിയിൽ ശക്തി പ്രാപിച്ചിട്ടുള്ള സോഷ്യലിസ്റ്റ് വിഭാഗത്തിൽ നിന്നുള്ള അബ്ദുൽ എൽ സായിദ് മിഷിഗണിൽ നിന്നു സെനറ്റിലേക്കു മത്സരിച്ചത് കടുത്ത ആക്രമണം നേരിട്ടാണ്. മുസ്ലിം ആയ അദ്ദേഹം ഭീകരവാദിയാണ് എന്നു വരെ പറഞ്ഞു വയ്ക്കാൻ ട്രംപ് മടിച്ചില്ല. സായിദിനോടു പ്രൈമറിയിൽ തോറ്റ ഹേലി സ്റ്റീവൻസ് കാലുമാറി റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്സിനെ പിന്തുണച്ചെങ്കിലും കടുത്ത പോരാട്ടത്തിൽ സായിദ് തന്നെ ജയിച്ചു. അങ്ങിനെ യുഎസ് സെനറ്റിൽ ആദ്യമായി മുസ്ലിം അംഗമുണ്ടായി.

മെയ്നിൽ സെനറ്റിലെ ആദരവുള്ള അംഗമായ സൂസൻ കോളിൻസ് വീണു. ട്രംപിനെ എതിർത്തിരുന്നു എന്നതല്ല കാരണം. ഡെമോക്രാറ്റ് ട്രോയ് ജാക്‌സൺ ഉന്നയിച്ച വിഷയങ്ങൾ ജനത്തിന്റെ ഹൃദയത്തോടു ചേർന്നു നിന്നിരുന്നു എന്നതാണ്.

യുവതലമുറ ട്രംപിനെ കൈവിട്ടു എന്നതാണ് ശ്രദ്ധേയമായ ഒരു വിഷയം. മറ്റൊരു വിഭാഗം ലാറ്റിനോകളാണ്.

അത്യധികം ഊർജിതമായി ട്രംപ് പ്രചാരണം നടത്തി എന്ന സത്യം ബാക്കി നിൽക്കുന്നു. ഡെമോക്രാറ്റുകളുടെ പ്രധാന പ്രചാരകൻ ബരാക്ക് ഒബാമ ആയിരുന്നു. ട്രംപ് ഭരണത്തിനെതിരെ ആഞ്ഞടിക്കാൻ ഇക്കുറി ഒബാമ മടിച്ചില്ല. അതിനൊന്നും ഫലപ്രദമായി മറുപടി നൽകാൻ ട്രംപിനു കഴിഞ്ഞതുമില്ല.

പ്രചാരണ രംഗത്തു പാളിപ്പോയ മറ്റൊരു നേതാവ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ ആണ്. ഭാഗികമായെങ്കിലും അതിനു കാരണം ട്രംപ് ഭരണത്തിന്റെ പരാജയങ്ങൾക്കു വിശദീകരണമില്ല എന്നതാണ്. 2028 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന് നവംബർ 3 കഴിഞ്ഞു തീരുമാനിക്കാം എന്നു പറഞ്ഞ വാൻസിനു സൂചനകൾ വ്യക്തമാണ്.

ഡെമോക്രാറ്റിക് വിജയത്തിന്റെ മാർജിൻ ഏതാണ്ട് 13% എന്നാണ് വിലയിരുത്തൽ. ആധുനിക ചരിത്രത്തിൽ ഏറ്റവും ഉയർന്നത്. സെനറ്റിൽ 55-44 ഭൂരിപക്ഷം ചരിത്രമാണ്. സ്വപ്നം കണ്ടത്തിനപ്പുറമാണ് ഹൗസ് വിജയം എന്നും പറയണം: 228-139.  

തർക്കമില്ലാത്ത ഒരു നിഗമനം ട്രംപിന്റെ രാഷ്ട്രീയ ജീവിതത്തിനു തിരശീല താഴ്ത്തും മുൻപ് കുറിച്ചു വയ്ക്കാം: അദ്ദേഹത്തിനു ജനത്തിന്റെ മേൽ ഉണ്ടായിരുന്നു എന്നു ഊതിപ്പെരുപ്പിച്ച പറഞ്ഞിരുന്ന മായിക ശക്തി പണ്ടേ ഇല്ലാതായി. അത്തരം മിഥ്യകളൊന്നും പെരുപ്പിക്കേണ്ട, ജനത്തിന് അവരുടെ കാര്യം നോക്കാൻ അറിയാം.  

Nov 3 verdict reflects people's fury 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക