
കൊച്ചി: ചേരാനല്ലൂർ ബെൻസ് അപകടക്കേസിൽ ജഡ്ജിക്കെതിരെ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ക്രൈംബ്രാഞ്ച് എ.സി.പിക്കു മുന്നിൽ നേരിട്ടെത്തിയാണ് ഭദ്രകീർത്തി മൊഴി രേഖപ്പെടുത്തിയത്. കേസിലെ പ്രതിയായ 17-കാരന്റെ അച്ഛനും കാറുടമയുമായ ജഡ്ജി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്ന് കുടുംബം ആരോപിച്ചു.
അപകടവുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ ഭദ്രകീർത്തി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. കേസ് അട്ടിമറിക്കാൻ നടന്ന ശ്രമങ്ങളെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും ക്രൈംബ്രാഞ്ചിനോട് വിശദീകരിച്ചിട്ടുണ്ടെന്നും നിലവിലെ അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും മൊഴി നൽകിയ ശേഷം ഭദ്രകീർത്തി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ മാസം 25-ന് പുലർച്ചെയാണ് ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിക്കുന്നത്. പ്രതിയായ 17-കാരൻ സ്ഥിരമായി വാഹനം ഓടിക്കുന്നയാളാണെന്നും അപകടസമയത്ത് അതിവേഗതയിൽ കാറോടിക്കുന്ന റീൽസ് ചിത്രീകരിക്കുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് മണിക്കൂറിൽ 104 കിലോമീറ്റർ വേഗതയിലാണ് കാർ സഞ്ചരിച്ചതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.