Image

എച്ച്-1ബി വിഷയത്തിൽ ഇന്ത്യക്കാർക്കായി ശബ്ദമുയർത്തിയ അമേരിക്കൻ കോൺഗ്രസിൽ സുഹാസ് സുബ്രഹ്മണ്യത്തിന് രണ്ടാം വിജയം

Published on 04 November, 2026
എച്ച്-1ബി വിഷയത്തിൽ ഇന്ത്യക്കാർക്കായി ശബ്ദമുയർത്തിയ അമേരിക്കൻ കോൺഗ്രസിൽ സുഹാസ് സുബ്രഹ്മണ്യത്തിന് രണ്ടാം വിജയം

വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക് നേതാവ് സുഹാസ് സുബ്രഹ്മണ്യത്തിന് വീണ്ടും വിജയം. വിർജീനിയയിലെ പത്താം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽനിന്ന് തുടർച്ചയായ രണ്ടാം തവണയാണ് അദ്ദേഹം യുഎസ് ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ബെംഗളൂരുവിലും ചെന്നൈയിലും വേരുകളുള്ള കുടുംബത്തിൽ ജനിച്ച സുഹാസ്, ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ താൽപര്യങ്ങൾക്കായി കോൺഗ്രസിൽ സജീവമായി ഇടപെടുന്ന നേതാവാണ്. അമ്മ ബെംഗളൂരുവിൽനിന്നും പിതാവ് ചെന്നൈയിലും സെക്കന്തരാബാദിലും വളർന്നയാളുമാണ്. ഇന്ത്യയിൽ ഇപ്പോഴും ബന്ധുക്കളുണ്ടെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

'തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു. എന്നാൽ പ്രവർത്തനങ്ങൾ ഇപ്പോൾ തുടങ്ങുന്നതേയുള്ളൂ. നമ്മുടെ സമൂഹത്തിനുവേണ്ടി മാറ്റങ്ങൾ കൊണ്ടുവരാൻ വാഷിങ്ടണിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു' എന്നായിരുന്നു വിജയത്തിനു പിന്നാലെ എക്സിൽ സുഹാസിന്റെ പ്രതികരണം.

1986-ൽ ടെക്സസിലെ ഹ്യൂസ്റ്റണിലാണ് സുഹാസ് ജനിച്ചത്. ടുലെയ്ൻ സർവകലാശാലയിൽനിന്ന് ഫിലോസഫിയിൽ ബിരുദവും നോർത്ത് വെസ്റ്റേൺ സർവകലാശാലയിൽനിന്ന് നിയമബിരുദവും നേടി. കോൺഗ്രസ് അംഗം സൂസൻ കോസ്മസിന്റെ സഹായിയായും സെനറ്റർ ഡിക്ക് ഡർബിന്റെ സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയിൽ ക്ലർക്കായും പ്രവർത്തിച്ചു. ഡ്രീം ആക്ടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും പങ്കാളിയായി. 2015 മുതൽ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകാലത്ത് വൈറ്റ് ഹൗസിൽ സാങ്കേതികവിദ്യാ നയ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു.

അഭിഭാഷകൻ, ചെറുകിട സാങ്കേതിക സംരംഭകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള സുഹാസ് സന്നദ്ധ അടിയന്തര മെഡിക്കൽ പ്രവർത്തകനും അഗ്നിശമന സേനാംഗവുമായിരുന്നു.

2019-ൽ വിർജീനിയ ജനറൽ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ സംസ്ഥാന നിയമസഭയിലെത്തുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ, ദക്ഷിണേഷ്യൻ വംശജൻ, ഹിന്ദു എന്നീ നേട്ടങ്ങൾ സ്വന്തമാക്കി. 2020 മുതൽ 2024 വരെ ഹൗസ് ഓഫ് ഡെലിഗേറ്റ്സിൽ പ്രവർത്തിച്ചു. തുടർന്ന് വിർജീനിയ സെനറ്റിലും ഹ്രസ്വകാലം സേവനമനുഷ്ഠിച്ചു. 2024-ൽ ജെന്നിഫർ വെക്സ്റ്റൺ ഒഴിഞ്ഞ കോൺഗ്രസ് സീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാണ് യുഎസ് ഹൗസിലെത്തിയത്.

കോൺഗ്രസിൽ ഓവർസൈറ്റ് കമ്മിറ്റിയിലും സയൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമ്മിറ്റിയിലും അംഗമാണ്. ഓവർസൈറ്റ് കമ്മിറ്റിക്കു കീഴിലുള്ള സൈനിക-വിദേശകാര്യ ഉപസമിതിയുടെ റാങ്കിങ് അംഗമായും സൈബർ സുരക്ഷ, വിവരസാങ്കേതികവിദ്യാ പാനലിലും എത്തി. എത്തിക്സ് കമ്മിറ്റിയിലും അംഗമാണ്.

എച്ച്-1ബി ഉൾപ്പെടെയുള്ള തൊഴിൽ വിസകളുടെ കാര്യത്തിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ താൽപര്യങ്ങൾക്കായി ശബ്ദമുയർത്തുന്ന നേതാവാണ് സുഹാസ്. അമേരിക്കയിൽ താമസിക്കുന്നവർക്ക് രാജ്യത്തിനുള്ളിൽത്തന്നെ എച്ച്-1ബി, എൽ, ഒ തുടങ്ങിയ വിസകൾ പുതുക്കാൻ അവസരമൊരുക്കുന്ന 'ഡൊമസ്റ്റിക് വിസ റിന്യൂവൽ മോഡേണൈസേഷൻ ആക്ടി'നെ അദ്ദേഹം പിന്തുണയ്ക്കുന്നു.

പുതിയ എച്ച്-1ബി അപേക്ഷകൾക്ക് ട്രംപ് ഭരണകൂടം 100,000 ഡോളർ ഫീസ് ഏർപ്പെടുത്തിയതിനെ അദ്ദേഹം ശക്തമായി വിമർശിച്ചിരുന്നു. 'ഇത് കുടിയേറ്റ നയമല്ല, സാമ്പത്തിക അട്ടിമറിയാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2025 ഒക്ടോബറിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കിനും അയച്ച കത്തിലും എച്ച്-1ബി പ്രഖ്യാപനത്തെക്കുറിച്ചുള്ള ആശങ്കകൾ അദ്ദേഹം ഉന്നയിച്ചിരുന്നു.

ഇന്ത്യയ്ക്കെതിരായ ട്രംപിന്റെ തീരുവ നയത്തെയും സുഹാസ് വിമർശിച്ചിട്ടുണ്ട്. 'തീരുവകൾ അമേരിക്കൻ ജനതയ്ക്കുമേലുള്ള നികുതിയാണ്. ഇന്ത്യ അമേരിക്കയുടെ സ്വാഭാവിക സഖ്യകക്ഷിയാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇന്ത്യയുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നതിൽ ട്രംപ് ഭരണകൂടത്തിന് വീഴ്ച സംഭവിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഡാറ്റാ സെന്ററുകളുടെ സ്ഥാപനം നിയന്ത്രിക്കുന്നതിനും അവയുടെ പ്രവർത്തനങ്ങൾക്ക് വ്യക്തമായ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നതിനുമായി 'റെസ്പോൺസിബിൾ ഡാറ്റ സെന്റർ സൈറ്റിങ് ആക്ട്' എന്ന ബില്ലും സുഹാസ് അവതരിപ്പിച്ചിട്ടുണ്ട്.

വിർജീനിയ സെനറ്റർമാരായ ടിം കെയ്നിന്റെയും മാർക്ക് വാർണറുടെയും സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപന റാലി. ഭാര്യ മിറാൻഡ പെന സുബ്രഹ്മണ്യത്തിനും രണ്ടു പെൺമക്കൾക്കുമൊപ്പം ലൗഡൺ കൗണ്ടിയിലാണ് താമസം.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക