Image

ഹിമാചലിൽ നിന്ന് വാങ്ങിയാൽ 2,232 കോടിയുടെ അധിക ബാധ്യത; ജി.എൻ.എ വഴി വൈദ്യുതി വാങ്ങുന്നത് കുറഞ്ഞ നിരക്കിലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Published on 04 November, 2026
ഹിമാചലിൽ നിന്ന് വാങ്ങിയാൽ 2,232 കോടിയുടെ അധിക ബാധ്യത; ജി.എൻ.എ വഴി വൈദ്യുതി വാങ്ങുന്നത് കുറഞ്ഞ നിരക്കിലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: ഹിമാചൽ പ്രദേശിൽ നിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുമ്പോൾ സർക്കാരിനുണ്ടാകുന്ന 2,232 കോടി രൂപയുടെ ഭീമമായ അധിക ബാധ്യത ഒഴിവാക്കാനാണ് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്ന സ്വകാര്യ കമ്പനിയായ ജി.എൻ.എ വഴി വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. പവർ ട്രേഡിങ് കോർപ്പറേഷൻ (പി.ടി.സി) വഴിയാണ് ഈ ഇടപാട് നടത്തുന്നതെന്നും സർക്കാർ നേരിട്ടല്ല കരാർ വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

​വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട് രണ്ട് ഫയലുകളാണ് സർക്കാരിന് മുന്നിലെത്തിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഹിമാചൽ പ്രദേശിൽ നിന്ന് യൂണിറ്റിന് 14.50 രൂപ നിരക്കിൽ വാങ്ങാനുള്ളതായിരുന്നു ആദ്യത്തേത്. എന്നാൽ ജി.എൻ.എയിൽ നിന്ന് യൂണിറ്റിന് യഥാക്രമം 8.63 രൂപയ്ക്കും 8.90 രൂപയ്ക്കും വൈദ്യുതി ലഭ്യമാകും. സാമ്പത്തിക ബാധ്യത പരിശോധിച്ചാൽ ഹിമാചൽ കരാർ വഴി യൂണിറ്റിന് 8.5 രൂപ അധികച്ചെലവ് വരുമ്പോൾ, ജി.എൻ.എ വഴി വാങ്ങുമ്പോൾ 2.6 രൂപയുടെ അധിക ബാധ്യത മാത്രമാണ് ഉണ്ടാകുന്നത്. മാത്രമല്ല, ഉപഭോഗം കുതിച്ചുയരുന്ന പീക്ക് സമയങ്ങളിൽ ഹിമാചലിൽ നിന്ന് 353 മെഗാ യൂണിറ്റ് മാത്രം ലഭിക്കുമ്പോൾ ജി.എൻ.എ വഴി 453 മെഗാ യൂണിറ്റ് വൈദ്യുതി ലഭ്യമാക്കാൻ സാധിക്കും.

​മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകാലത്തും 2025-ൽ ഇതേ കമ്പനിയിൽ നിന്നാണ് വൈദ്യുതി വാങ്ങിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്കാലത്ത് എൻ.ടി.പി.സിയിൽ നിന്ന് വളരെ കുറഞ്ഞ അളവിൽ മാത്രം വൈദ്യുതി വാങ്ങുകയും ബാക്കി ഭൂരിഭാഗവും ജിൻഡാൽ, അദാനി, ജി.എൻ.എ ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികളിൽ നിന്നാണ് സംഭരിച്ചതെന്നും അദ്ദേഹം രേഖകൾ ഉദ്ധരിച്ച് വ്യക്തമാക്കി. കെ.എസ്.ഇ.ബി നിലവിൽ ഭൂരിഭാഗം വൈദ്യുതിയും സ്വകാര്യ കമ്പനികളിൽ നിന്നാണ് വാങ്ങുന്നതെന്നും കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് വൈദ്യുതി ഉറപ്പാക്കുകയാണ് സർക്കാരിന്റെ മുൻഗണനയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക