Image

എസ്.ഐ.ആർ കരട് വോട്ടർപട്ടിക: പേരില്ലാത്തവർക്ക് പേടിയില്ലാതെ ഫോം 6 നൽകാം, നടപടിയുണ്ടാകില്ലെന്ന് കമ്മീഷൻ

Published on 04 November, 2026
എസ്.ഐ.ആർ കരട് വോട്ടർപട്ടിക: പേരില്ലാത്തവർക്ക് പേടിയില്ലാതെ ഫോം 6 നൽകാം, നടപടിയുണ്ടാകില്ലെന്ന് കമ്മീഷൻ

ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന് (എസ്.ഐ.ആർ) ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് അന്തിമ പട്ടികയിൽ ഇടംപിടിക്കാൻ 'ഫോം 6' വഴി അപേക്ഷിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മുൻപ് വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. പുതുതായി പേര് ചേർക്കാൻ ഉദ്ദേശിക്കുന്നവർ സമർപ്പിക്കുന്ന ഈ അപേക്ഷാഫോമിൽ ആദ്യമായാണ് അപേക്ഷിക്കുന്നത് എന്ന സത്യവാങ്മൂലം ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ, നേരത്തെ പട്ടികയിലുണ്ടായിരുന്നവർ ഇത് പൂരിപ്പിച്ചു നൽകാൻ മടിക്കുന്നുവെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ വ്യക്തത വരുത്തൽ.

​കരട് പട്ടികയിൽ പേരില്ലാത്തവർ അന്തിമ പട്ടികയിൽ പേര് ചേർക്കുന്നതിനായി ഫോം 6 സമർപ്പിക്കുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് കമ്മീഷൻ കത്തയച്ചു. മുൻപ് വോട്ടർപട്ടികയിൽ ഉൾപ്പെട്ടിരുന്ന ഒരാൾ വീണ്ടും ഫോം 6 സമർപ്പിച്ചു എന്ന കാരണത്താൽ യാതൊരുവിധ നിയമനടപടികളും നേരിടേണ്ടി വരില്ലെന്ന് കമ്മീഷൻ ഔദ്യോഗികമായി അറിയിച്ചു. ജനപ്രാതിനിധ്യ നിയമപ്രകാരം തെറ്റായ വിവരങ്ങൾ ബോധപൂർവ്വം നൽകുന്നവർക്കെതിരെ നടപടിക്ക് വ്യവസ്ഥയുണ്ടെങ്കിലും, ഒഴിവാക്കപ്പെട്ട യഥാർത്ഥ വോട്ടർമാർ വീണ്ടും അപേക്ഷ നൽകുന്നത് കുറ്റകരമല്ലെന്ന് ഇതോടെ വ്യക്തമായി.

​അതേസമയം, അപേക്ഷകർ നിലവിൽ മറ്റേതെങ്കിലും പാർലമെന്ററി മണ്ഡലത്തിലോ നിയമസഭാ മണ്ഡലത്തിലോ വോട്ടറായി രജിസ്റ്റർ ചെയ്തിട്ടുള്ളവരാകരുതെന്ന് കമ്മീഷൻ കർശന നിർദേശം നൽകി. സമർപ്പിക്കുന്ന സത്യപ്രസ്താവന നിലവിലെ നിയമപരമായ വ്യവസ്ഥകൾക്ക് വിധേയമായിരിക്കണം. അർഹരായ എല്ലാ പൗരന്മാർക്കും തങ്ങളുടെ സമ്മതിദാനാവകാശം സുരക്ഷിതമാക്കാൻ അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക