Image

അമേരിക്കയിലെ ടെക്‌സസിൽ മലയാളിത്തിളക്കം; ഫോർട്ട് ബെൻഡ് കൗണ്ടി തെരഞ്ഞെടുപ്പിൽ മൂന്ന് മലയാളികൾക്ക് ചരിത്രവിജയം

Published on 04 November, 2026
അമേരിക്കയിലെ ടെക്‌സസിൽ മലയാളിത്തിളക്കം; ഫോർട്ട് ബെൻഡ് കൗണ്ടി തെരഞ്ഞെടുപ്പിൽ മൂന്ന് മലയാളികൾക്ക് ചരിത്രവിജയം

ഹൂസ്റ്റൺ: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ മൂന്ന് മലയാളി സ്ഥാനാർത്ഥികൾക്ക് മിന്നുന്ന വിജയം. ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധികളായി മത്സരരംഗത്തിറങ്ങിയ സുരേന്ദ്രൻ കെ. പട്ടേൽ, ജൂലി എ. മാത്യു എന്നിവർ ജഡ്ജി പദവികളിലേക്കും, കക്ഷിരഹിത സ്ഥാനാർത്ഥിയായി മത്സരിച്ച മാർട്ടിൻ ജോൺ അപ്രൈസൽ ഡിസ്ട്രിക്റ്റ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് സ്ഥാനത്തേക്കുമാണ് അഭിമാനാർഹമായ വിജയം സ്വന്തമാക്കിയത്. അമേരിക്കൻ നീതിന്യായ രംഗത്തും തദ്ദേശ ഭരണരംഗത്തും ഇന്ത്യൻ വംശജരുടെയും പ്രത്യേകിച്ച് മലയാളി സമൂഹത്തിന്റെയും കരുത്തുറ്റ സാന്നിധ്യം അടയാളപ്പെടുത്തുന്നതായി ഈ തെരഞ്ഞെടുപ്പ് ഫലം.

​ടെക്സസിലെ 240-ാം ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ട സുരേന്ദ്രൻ കെ. പട്ടേൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ആശാ റെഡ്ഡിയെയാണ് അട്ടിമറിച്ചത്. ആകെ പോൾ ചെയ്ത വോട്ടുകളിൽ 60.23 ശതമാനവും സ്വന്തമാക്കിയ അദ്ദേഹം 37,396 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്. ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് അറ്റ് ലോ നമ്പർ മൂന്നിലെ ജഡ്ജി സ്ഥാനത്തേക്ക് മത്സരിച്ച ജൂലി എ. മാത്യു റിപ്പബ്ലിക്കൻ എതിരാളി ജെസ്സിക്ക ജാരാമില്ലോയെ 71,925 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ആകെ രേഖപ്പെടുത്തിയ 1,82,816 വോട്ടുകളിൽ 1,10,891 വോട്ടുകളും തൂത്തുവാരിയാണ് ജൂലി അത്യുജ്ജ്വല വിജയം നേടിയത്.

​ഫോർട്ട് ബെൻഡ് സെൻട്രൽ അപ്രൈസൽ ഡിസ്ട്രിക്റ്റ് ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് സ്വതന്ത്രനായി മത്സരിച്ച മാർട്ടിൻ ജോൺ 19,845 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചുകയറിയത്. പോൾ ചെയ്തതിൽ 57.14 ശതമാനം വോട്ടുകൾ നേടി എതിർസ്ഥാനാർത്ഥിയായ ഷൈസാദ് 'സാം' ചത്രിവാലയെ അദ്ദേഹം പിന്നിലാക്കി. പാലാ സെന്റ് തോമസ് കോളേജ് യൂണിയൻ മുൻ ചെയർമാൻ കൂടിയായ മാർട്ടിൻ ജോണിന്റെയും സഹപ്രവർത്തകരുടെയും ഉജ്ജ്വല നേട്ടം അമേരിക്കൻ പ്രവാസി സമൂഹത്തിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക