
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷനെ (പി.എസ്.സി) പിരിച്ചുവിടാനുള്ള ഗവർണറുടെ ശുപാർശ ഔദ്യോഗിക നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടുള്ളതല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഇത്തരമൊരു ശുപാർശ രാഷ്ട്രപതിക്ക് സമർപ്പിക്കുന്നതിന് മുൻപ് ഗവർണർ സംസ്ഥാന സർക്കാരുമായി യാതൊരുവിധ കൂടിയാലോചനയും നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, പി.എസ്.സിയിൽ പുറത്തുവന്ന ക്രമക്കേടുകൾ അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്നും, ബന്ധുക്കളെയും സ്വന്തക്കാരെയുമാണ് വഴിവിട്ട് നിയമിച്ചിട്ടുള്ളതെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പി.എസ്.സിയുടെ നഷ്ടപ്പെട്ട വിശ്വാസ്യത പൂർണ്ണമായും വീണ്ടെടുക്കുമെന്നും ക്രമക്കേടുകൾക്ക് പിന്നിലുള്ള മുഴുവൻ കുറ്റക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. പരീക്ഷകളുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ ലഭിക്കുന്നുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമീപകാലത്ത് നടന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റങ്ങൾ ഭരണപരമായ സ്വാഭാവിക നടപടി മാത്രമാണെന്നും എല്ലാ ചട്ടങ്ങളും പാലിച്ചാണ് മാറ്റങ്ങൾ വരുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ അന്താരാഷ്ട്ര മാരിടൈം മ്യൂസിയത്തിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ്-2 വിഭാഗത്തിൽ 12 തസ്തികകളും കാത്ത് ലാബ് ടെക്നീഷ്യൻ വിഭാഗത്തിൽ 16 പുതിയ തസ്തികകളും സൃഷ്ടിക്കാൻ തീരുമാനമായിട്ടുണ്ട്. കൂടാതെ, കോഴിക്കോട് കോർപ്പറേഷനിൽ നിന്ന് നേരത്തെ പിരിച്ചുവിട്ട ജീവനക്കാരെ സൂപ്പർ ന്യൂമററി തസ്തികകൾ രൂപീകരിച്ച് സർവീസിൽ നിലനിർത്താനും മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.